ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ശബരിമലയില്‍ നടക്കുന്ന മകരവിളക്ക് ഉത്സവത്തിന്റെ ചടങ്ങുകളെ ബാധിക്കില്ല
ഇപ്പോള്‍ തന്ത്രിസ്ഥാനത്തുള്ളത് താഴമണ്‍ മഠത്തിലെ മറ്റൊരംഗമായ കണ്ഠരര് മഹേഷ് മോഹനരാണ്. ശബരിമലയിലെ താന്ത്രികാവകാശം നിലവില്‍ താഴമണ്‍ പരമ്ബരയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ്.
രാജീവരുടെ കുടുംബവും മോഹനരുടെ കുടുംബവുമാണിവ. ഈ രണ്ടു കുടുംബവും ഒരു വര്‍ഷം വീതം താന്ത്രികപദവിയില്‍ എത്തുകയാണ് ചെയ്യുന്നത്. ചിങ്ങം മുതല്‍ കര്‍ക്കടകം വരെയാണ് ഓരോ കുടുംബത്തിന്റെയും ഊഴം. മുന്‍പുള്ള ഒരു കേസുമായി ബന്ധപ്പെട്ട് കണ്ഠരര് മോഹനര്‍ക്ക് ശബരിമലയില്‍ വിലക്കുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ മകന്‍ മഹേഷ് മോഹനരാണ് തന്ത്രിയായി എത്തുന്നത്.
ഒരു വര്‍ഷം മുന്‍പ് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്മദത്തനും തന്ത്രിസ്ഥാനത്തേയ്ക്ക് എത്തിയിരുന്നു. മഹേഷ് മോഹനരുടെ ചുമതല ഓഗസ്റ്റ് 16ന് അവസാനിക്കും. അതിന് ശേഷം രാജീവരുടെ കുടുംബത്തിനാണ് ചുമതല
കണ്ഠരര് രാജീവര് ശബരിമലയിലെ താന്ത്രിക സ്ഥാനത്ത് ഇപ്പോള്‍ 36-ാം വര്‍ഷമാണ്. താഴമണ്‍ മഠത്തിലെ തന്ത്രിയായിരുന്ന അച്ഛന്‍ കണ്ഠരര് കൃഷ്ണരര്‍ക്കൊപ്പമാണ് രാജീവര് ആദ്യമായി സന്നിധാനത്ത് പൂജ നടത്തിയത്. 1990ല്‍ മുഴുവന്‍ സമയ തന്ത്രിയായി. ബിരുദാനന്തര ബിരുദധാരിയായ രാജീവര്, 1984 ഏപ്രില്‍ 16ന് ചെങ്ങന്നൂര്‍ കൃഷിഭവനില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 22 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഏഴുവര്‍ഷമൊഴികെ ബാക്കി സമയങ്ങളിലെല്ലാം ദീര്‍ഘാവധിയിലായിരുന്നു. 2015 മാര്‍ച്ച് 31ന് വിരമിച്ചപ്പോള്‍ ശബരിമല തന്ത്രിസ്ഥാനത്തായിരുന്നു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ അയ്യപ്പക്ഷേത്ര പ്രതിഷ്ഠ നടത്തിയത് രാജീവരാണ്.