'ഞങ്ങളെയോർത്ത് കരയേണ്ട, നിലപാടിൽ ഒരു മാറ്റവുമില്ല'; എൽഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി

കോട്ടയം: ഇടതുമുന്നണി വിടുമെന്ന വാർത്തകൾ തള്ളി കേരള കോൺഗ്രസ് ( എം ) ചെയർമാൻ ജോസ് കെ മാണി. ചർച്ച നടത്തുന്നത് ആരാണ്?. കേരള കോൺഗ്രസ് എമ്മിന് ഉറച്ച നിലപാടാണുള്ളത്. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ല. ഞങ്ങളെയോർത്ത് കരയേണ്ടതില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.


കേരള കോൺഗ്രസിന് പലയിടങ്ങളിൽ നിന്നും ക്ഷണം വരുന്നുണ്ട്. പാർട്ടിക്ക് ശക്തമായ സ്വാധീനമുണ്ട് എന്നതിന് തെളിവാണ് ആ ക്ഷണം വ്യക്തമാക്കുന്നത്. കേരള കോൺഗ്രസ് ( എം) എവിടെയുണ്ടോ അവിടെ ഭരണവുമുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. എൽഡിഎഫ് യോഗത്തിൽ നിന്നും വിട്ടു നിന്നു എന്ന വാർത്തകൾ ശരിയല്ല. പാർട്ടി നേതാവ് എൽഡിഎഫ് യോഗത്തിൽ സംബന്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


ഇടതുമുന്നണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാതിരുന്നത് താൻ വിദേശത്തായതുകൊണ്ടാണ്. തന്റെ പിതാവിന്റെ അടുത്ത സുഹൃത്ത് അത്യാസന്ന നിലയിൽ കഴിയുകയാണ്. അദ്ദേഹത്തെ കാണാൻ പോയതിനാലാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്.



Previous Post Next Post