തിരുവനന്തപുരം: ഓഫീസ് തർക്കത്തിന് പിന്നാലെ ശാസ്തമംഗലത്തെ ഓഫീസിൽ വി കെ പ്രശാന്ത് എംഎൽഎയുടെ നെയിംബോർഡിനു മുകളിലായി ബിജെപി കൗൺസിലർ ആർ ശ്രീലേഖ പുതിയ നെയിംബോർഡ് സ്ഥാപിച്ചു. ഇതിന്റെ ചിത്രങ്ങളും ശ്രീലേഖ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു. എംഎൽഎ ഓഫീസിൽ ശാസ്തമംഗലത്തെ ബിജെപി കൗൺസിലർ അതിക്രമിച്ചു കയറിയെന്ന് മുഖ്യമന്ത്രിക്കു പരാതി നൽകിയ അഭിഭാഷകനെയും ശ്രീലേഖ പരിഹസിച്ചു. ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുകയാണെന്നാണ് ശ്രീലേഖയുടെ പ്രതികരണം.
'ന്യൂ ഇയർ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കേട്ട വാർത്ത, തനിക്കെതിരെ ഏതോ കമ്യൂണിസ്റ്റ് വക്കീൽ എനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. താൻ വട്ടിയൂർകാവ് എംഎൽഎയുടെ ഓഫിസിൽ അതിക്രമിച്ചു കയറി സ്വന്തമായി ഓഫിസ് തുറന്നു. അതിൽ എനിക്കെതിരെ കേസ് എടുക്കണം. എന്നെ അറസ്റ്റ് ചെയ്ത് തുറുങ്കിൽ അടയ്ക്കണമെന്നുമാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയിരിക്കുന്നത്. തുടർനടപടികൾക്കായി പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയെന്നാണ് അറിയുന്നത്. ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നു പറയുന്നത്' -ശ്രീലേഖ ഫെയ്‌സ്ബുക്ക് വിഡിയോയിൽ പറഞ്ഞു.
