രാഹുലിനെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പുറത്താക്കി; ബിജെപിക്കെതിരെ അതിജീവിതയുടെ ഭർത്താവ്

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതായി അതിജീവിതയുടെ ഭർത്താവ്. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പുറത്താക്കുന്നതിന് മുൻപ് തന്നോട് വിശദീകരണം ചോദിക്കാൻ പോലും പാർട്ടി തയ്യാറായില്ലെന്ന് രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവ് ആരോപിച്ചു.


തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്നാണ് പറയുന്നത്. എന്നാൽ തന്നോട് വിശദീകരണം പോലും ചോദിക്കാതെ പാർട്ടി ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നു. ഇതിന് പിന്നിൽ പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയുണ്ടെന്നും പുറത്താക്കൽ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരാതി നൽകുമെന്നും യുവാവ് പറഞ്ഞു.


ഇന്നലെയാണ് യുവതിയുടെ ഭർത്താവിനെ യുവമോർച്ചയുടെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് അറിയിച്ചത്. ബിജെപി പഞ്ചായത്ത് സമിതിയുടെ നിർദേശപ്രകാരമാണ് പുറത്താക്കൽ നടപടിയെന്നുമായിരുന്നു വിശദീകരണം. തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു വാർഡിൽ ബിജെപി മൂന്ന് വോട്ടിനു തോറ്റിരുന്നു. അതിജീവിതയുടെ ഭർത്താവാണ് തോൽവിക്കു കാരണം എന്ന ആക്ഷേപം പ്രദേശത്തെ ബിജെപി പ്രവർത്തകരും പ്രാദേശിക നേതൃത്വവും ഉയർത്തിയിരുന്നു.


ദിവസങ്ങൾക്ക് മുൻപാണ് തന്റെ കുടുംബ ജീവിതം തകർത്തെന്ന് ചൂണ്ടിക്കാട്ടി രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും, തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചെന്നു പരാതയിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് തന്റെ പരാതിയിൽ തുടർനടപടികൾ ഉണ്ടാവത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.


Previous Post Next Post