വന്ദേഭാരത് സ്ലീപ്പർ: ആദ്യത്തെ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന്; ചെന്നൈ, ബംഗളൂരു റൂട്ടുകൾക്കു സാധ്യത

 


ന്യൂഡൽഹി: ഉദ്ഘാടനത്തിന് തയ്യാറെടുത്ത് ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ ട്രെയിനായ വന്ദേഭാരത് സ്ലീപ്പർ. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ മേൽനോട്ടത്തിൽ അവസാന അതിവേഗ പരീക്ഷണം കഴിഞ്ഞ ദിവസം പൂർത്തിയാക്കി. കൊൽക്കത്ത-ഗുവാഹത്തി പാതയിലാണ് ആദ്യ സർവീസ്. ഇതുൾപ്പെടെ ഈ വർഷം 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.



ഇതിൽ രണ്ട് ട്രെയിനുകൾ കേരളത്തിന് കിട്ടിയേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേഭാരത് ട്രെയിനിന് മുൻഗണന നൽകാനാണ് കേന്ദ്രസർക്കാർ നീക്കം. ആദ്യ സർവീസ് നടക്കാനിരിക്കുന്ന അസമും ബംഗാളും കേരളത്തിനൊപ്പം തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്. അങ്ങനെയാണെങ്കിൽ തിരുവനന്തപുരം-ചെന്നൈ റൂട്ടിലാകും കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പർ ഓടുക. തിരുവനന്തപുരം-ബെംഗളൂരു പാതയാണ് രണ്ടാമത് പരിഗണനയിലുള്ളത്. ഈ വർഷം അവസാനം 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കുകളിലെത്തും. അടുത്ത വർഷം ഇത് വിപുലീകരിക്കും.


പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന കൊൽക്കത്ത-ഗുവാഹാട്ടി റൂട്ടിലെ ട്രെയിനിന് 16 കോച്ചുകളാണ് ഉള്ളത്. ഫ്ളാഗ് ഓഫ് ചടങ്ങിനായി ഒരു ട്രെയിൻ ഗുവാഹാത്തിയിലേക്കും ഒന്ന് കൊൽക്കത്തയിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഈ റൂട്ടിൽ ഏകദേശ നിരക്ക് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തേർഡ് എസി ടിക്കറ്റ് നിരക്ക് ഏകദേശം 2,300 രൂപയും, സെക്കൻഡ് എസി ഏകദേശം 3,000 രൂപയും, ഫസ്റ്റ് എസി ഏകദേശം 3,600 രൂപയുമായിരിക്കും, ഭക്ഷണം കൂടി ഉൾപ്പെടുത്തിയാണ് ഈ നിരക്ക്.

Previous Post Next Post