കൊച്ചി: മധ്യതിരുവിതാംകൂറിൽ താമര വിരിയിക്കാൻ രണ്ടുഗവർണർമാരെ കളത്തിലിറക്കാൻ ബിജെപി. ഗോവ ഗവർണർ സ്ഥാനമൊഴിഞ്ഞ പിഎസ് ശ്രീധരൻപിള്ളയെയും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെയും സ്ഥാനാർഥികളാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. പാർട്ടി പ്രവർത്തകർ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതായി ശ്രീധരൻ പിള്ള പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്ന് ഇരുനേതാക്കളും പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരോ തിരുവല്ലയിലോ മത്സരിക്കാനാണ് സാധ്യത കൽപ്പിക്കുന്നത്. കൂടുതൽ സാധ്യത ചെങ്ങന്നൂരിലാണ്. ചെങ്ങന്നൂരിൽ 2016ൽ ശ്രീധരൻപിള്ള മത്സരിച്ചപ്പോഴാണ് ബിജെപിക്ക് കൂടുതൽ വോട്ട് നേടാനായത്. അത്തവണ 42, 682 വോട്ടുകൾ ബിജെപി നേടിയിരുന്നു. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസുമായി താരതമ്യം ചെയ്യുമ്പോൾ വോട്ട് വ്യത്യാസം 2,215 മാത്രമായിരുന്നു. ഇത്തവണ ശ്രീധരൻപിള്ള മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്ന് ബിജെപി പ്രതിക്ഷിക്കുന്നു.
കുമ്മനം രാജശേഖരൻ ആറന്മുള മണ്ഡലത്തിൽ മത്സരിക്കാനാണ് സാധ്യത ഏറെയും. നേമത്ത് ബിജപി സംസ്ഥാന അധ്യക്ഷൻ നേരത്തെ തന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. നേരത്തെ മത്സരിച്ച വട്ടിയൂർക്കാവ് മണ്ഡലത്തിലും കുമ്മനത്തിന്റെ പേര് ഉയരുന്നു. 2016ൽ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ടിഎൻ സീമയ്ക്ക് 40,441 വോട്ട് ലഭിച്ചപ്പോൾ 43, 700 വോട്ട് നേടാൻ കുമ്മനത്തിന് കഴിഞ്ഞു. മണ്ഡലത്തിൽ ഒരു ബിജെപി സ്ഥാനാർഥി നേടിയ ഉയർന്ന വോട്ടും ഇത് തന്നെയാണ്. പിന്നീട് മത്സരിച്ച എസ് സുരേഷിനും വിവി രാജേഷിനും വോട്ട് വിഹിതം ഉയർത്താനായില്ല. ഇത്തവണ വട്ടിയൂർക്കാവിൽ എസ് സുരേഷിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
നേരത്തെ മുതൽ ആറൻമുള മണ്ഡലത്തിൽ സജീവമാണ് കുമ്മനം. ആറന്മുള സമരനായകൻ എന്ന പ്രതിച്ഛായ അനൂകുലമാകുമെന്നും ബിജെപി കരുതുന്നു. 2016ൽ എംടി രമേശ് മത്സരിച്ചപ്പോൽ 37,000ലധികം വോട്ടുകൾ ബിജെപി നേടിയിരുന്നു. ഇത്തവണ കുമ്മനം കൂടി മത്സരരംഗത്ത് എത്തുന്നതോടെ ആറന്മുളയിൽ ശക്തമായ ത്രികോണമത്സരം ഉറപ്പാകും.
