ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് തകര്‍ത്തതില്‍ അന്വേഷണം, ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ ഡി ജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് തകർത്തെന്ന പരാതിയിൽ അന്വേഷണം. സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകി. പത്തനംതിട്ടയിൽ ഡി ജെ പാർട്ടിയിലെ പോലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് ഇടപെടലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


ന്യൂ ഇയർ ആഘോഷത്തിനിടെ സ്റ്റേജിലേക്ക് കയറിയ പൊലീസുകാരൻ ഡിജെ കലാകാരൻ അഭിരാം സുന്ദറിന്റെ ലാപ്‌ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങൾ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പൊലീസ് പറഞ്ഞതനുസരിച്ച് പരിപാടി നിർത്തിയിട്ടും അതിക്രമം ഉണ്ടായെന്നായിരുന്നു ഡിജെ അഭിരാം സുന്ദറിന്റെ പ്രതികരണം. ഉദ്യോഗസ്ഥന്റെ നടപടിയിൽ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പ് തകർത്തെന്നും അഭിരാം വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് ആരോപിച്ചിരുന്നു.


എന്നാൽ, ആരോപണങ്ങൾ തള്ളുന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. സ്ഥലത്ത് സംഘർഷം ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. അർധരാത്രിക്ക് ശേഷവും പരിപാടി നീണ്ടു പോയതോടെയാണ് പൊലീസ് ഇടപെട്ടത്. ലാപ്‌ടോപ്പ് പൊട്ടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്നും പൊലീസ് പറയുന്നു.

Previous Post Next Post