കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകുമെന്ന സൂചന നൽകി രാഹുൽ ഈശ്വർ. മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ചോദിച്ചതായും രാഹുൽ ഈശ്വർ വെളിപ്പെടുത്തി. ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളിൽ മത്സരിക്കാൻ താൽപര്യമുണ്ടോ എന്നാണ് ചോദിച്ചതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കോൺഗ്രസിനുവേണ്ടി മൽസരിക്കാനുളള താൽപര്യമാണ് രാഹുൽ ഈശ്വർ പരോക്ഷമായി സൂചിപ്പിക്കുന്നത്.
വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു കോൺഗ്രസ് ജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുൽ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യമാണ് തന്റെ ലക്ഷ്യം. അതാണ് തന്റെ വസ്ത്രധാരണത്തിലുള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പുരുഷൻമാരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാളിയെന്ന നിലയിലാണ് രാഹുൽ ഈശ്വർ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ഇതിന്റെ പേരിൽ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ജയിൽവാസവും അനുഭവിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത വീണ്ടും പരാതി നൽകിയിട്ടുണ്ട്. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന് കൈമാറിയിരിക്കുകയാണ്. ഇതേ നതുടർന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുകയാണ് രാഹുൽ ഈശ്വർ.
