ഉദയ് , ആധാറിന് ഇനി പുതിയ ചിഹ്നം; രൂപകല്‍പന ചെയ്തത് മലയാളി

തിരുവനന്തപുരം: ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഉദയ് എന്നാണ് ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് നൽകിയിരിക്കുന്ന പേര്. ആധാർ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനും ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ ആപേക്ഷികവും ജനസൗഹൃദമാക്കുക എന്നിവയാണ് പുതിയ ചിഹ്നം ലക്ഷ്യമിടുന്നത്.


ദേശീയ തല മത്സരത്തിലൂടെയാണ് പുതിയ ചിഹ്നം കണ്ടെത്തിയത്. തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ തയ്യാറാക്കിയ ചിഹ്നമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ഡിസൈനർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരിൽ നിന്നായി 875 എൻട്രികളിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്.


തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ് മിശ്രയാണ് ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തത്. ആധാർ സേവനങ്ങളെക്കുറിച്ച് ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിൽ വിശദീകരിക്കുന്നതിനുമുള്ള യുഐഡിഎഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ഘട്ടമാണ് ചിഹ്നത്തിലുടെ സാധ്യമാകുന്നതെന്നും യുഐഡിഎഐ ചെയർമാൻ പറഞ്ഞു.


മഹാരാഷ്ട്രയിലെ പൂനെ സ്വദേശിക്കാണ് ചിഹ്നം നിർദേശിച്ചു കൊണ്ടുള്ള മത്സരത്തിൽ രണ്ടാം സ്ഥാനം. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള കൃഷ്ണ ശർമ്മ മൂന്നാം സ്ഥാനവും നേടി. ഔദ്യോഗിക ചിഹ്നത്തിന് പേര് നല്കുന്നതിനുള്ള മത്സരത്തിൽ ഭോപ്പാലിൽ നിന്നുള്ള റിയ ജെയിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുനെ സ്വദേശി ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും ഹൈദരാബാദ് സ്വദേശി മഹാരാജ് ശരൺ ചെല്ലാപിള്ള മൂന്നാം സ്ഥാനവും സ്വന്തമാക്കി.

Previous Post Next Post