പൊലീസ് ജീപ്പ് തള്ളാൻ ഒപ്പം കൂടിയില്ല, കള്ളനെന്നു വിളിച്ച് 'അകത്തിട്ടു', താജുദ്ദീൻ ജയിലിൽ കിടന്നത് 54 ദിവസം

 



കണ്ണൂർ: ചെളിയിൽ പുതഞ്ഞ പൊലീസ് ജീപ്പ് തള്ളാൻ സഹായിക്കാതിരുന്ന പ്രവാസിയെ കള്ളക്കേസിൽ കുരുക്കിയ പൊലീസിന് കനത്ത തിരിച്ചടി. വഴിയാത്രക്കാരിയുടെ സ്വർണ മാല പിടിച്ചു പറിച്ചുവെന്ന കേസിൽ നിരപരാധിയായ പ്രവാസിയെ കുടുക്കി ജയിലിൽ അടച്ചതിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഹൈക്കോടതി സർക്കാരിനോട് aഉത്തരവിട്ടത്. പൊലീസിന്റെ വീഴ്ചമൂലം 54 ദിവസത്തോളം ജയിലിൽ കഴിയേണ്ടി വന്ന കൂത്തുപറമ്പ് കതിരൂർ സ്വദേശി വികെ താജുദ്ദീനാണ് ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബിജു, എഎസ്‌ഐ തുടങ്ങിയ ഉദ്യോഗസ്ഥർ ചേർന്നാണ് താജുദ്ദീനെ മാലമോഷണക്കേസിൽ കുടുക്കിയത്. 2018 ജൂലൈ 11ന് രാത്രി കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോൾ വീടിനു സമീപം പൊലീസ് ജീപ്പ് ചെളിയിൽ പുതഞ്ഞുകിടക്കുന്നത് താജുദ്ദീൻ കണ്ടിരുന്നു. സഹായിക്കണമെന്ന് താജുദ്ദീനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നടുവേദന ഉള്ളതിനാൽ അദ്ദേഹം കാറിൽ നിന്നിറങ്ങിയില്ല. പകരം മറ്റുള്ളവരാണ് പൊലീസിനെ സഹായിച്ചത്. പ്രകോപിതരായ പൊലീസ് സംഘം താജുദ്ദീനെ പിടിച്ചു വലിച്ചിറക്കി മൊബൈലിൽ ഫോട്ടോ എടുക്കുകയും ഇയാൾ കള്ളനാണെന്നും കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയ ശേഷം ഒരു സിസിടിവി ദൃശ്യം കാണിച്ച് അതിലെ വ്യക്തി താജുദ്ദീനാണെന്ന് പൊലീസ് ആരോപിച്ചു. ജൂലായ് അഞ്ചിന് പെരളശേരി പഞ്ചായത്തിലെ വെള്ളച്ചാലിനടുത്തെ ചോരക്കുളം എന്ന സ്ഥലത്തുവച്ച് വീട്ടമ്മയുടെ അഞ്ചരപ്പവൻ മാല പൊട്ടിച്ച ആളാണ് അതെന്നും ദൃശ്യങ്ങളിലുള്ളത് താജുദ്ദീനാണെന്നുമാണ് എസ്‌ഐ പി. ബിജു പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളിലെ സാദൃശ്യം മാത്രം അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് നടപടി. താനല്ല കുറ്റക്കാരനെന്ന് പലതവണ കരഞ്ഞു പറഞ്ഞിട്ടും ചക്കരക്കൽ എസ് ഐ പി ബിജുവും സംഘവും അതു ചെവിക്കൊള്ളാൻ തയ്യാറായില്ല. കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് ഇദ്ദേഹത്തെ വലിയ മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയും തെളിവെടുപ്പിനായി പലയിടങ്ങളിൽ കൊണ്ടുപോവുകയും ചെയ്തു.
താൻ കുടുംബത്തോടൊപ്പം മകളുടെ വിവാഹ ആവശ്യങ്ങൾക്കായി പുറത്തുപോയി വരികയായിരുന്നെന്നും തന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ നിരപരാധിത്വം തെളിയുമെന്നും താജുദ്ദീൻ പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ ശാസ്ത്രീയമായ പരിശോധനകൾക്കോ വിശദമായ അന്വേഷണത്തിനോ മുതിരാതെ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാലയും കണ്ടെടുക്കാനുണ്ടെന്ന് കാണിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിർത്തതോടെ 54 ദിവസത്തോളം ഇദ്ദേഹത്തിന് റിമാൻഡ് തടവുകാരനായി ജയിലിൽ കഴിയേണ്ടി വന്നു.
ഖത്തറിൽ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ. ജയിലിൽ കിടന്നതുകാരണം ഗൾഫിലെ ജോലി നഷ്ടമായി. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നടത്തിയ നിയമപോരാട്ടത്തിലാണ് നീതി ലഭിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം തിരികെ ഖത്തറിലേക്ക് പോയപ്പോൾ, നാട്ടിൽ കേസ് നിലനിൽക്കുന്നതിനാൽ അബ്‌സ്‌കോണ്ടിങ് ആണെന്ന് കാണിച്ച് അവിടെയും ജയിലിൽ കിടക്കേണ്ടി വന്നു. തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടർന്ന് ഖത്തറിൽ 23 ദിവസമാണ് ജയിലിൽ കഴിയേണ്ടി വന്നത്. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു. കേസ് നടത്താനായി ഭാര്യയുടെ സ്വർണം ഉൾപ്പെടെ വിൽക്കേണ്ടി വന്നു.
പിന്നീട് കോടതിയുടെ നിർദേശപ്രകാരം കണ്ണൂർ ഡിവൈഎസ്പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാർത്ഥപ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്. മറ്റൊരു മോഷണക്കേസിൽ പീതാംബരൻ എന്നയാൾ പിടിയിലായതോടെയാണ് യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നത്. ജയിലിൽ കഴിയുന്ന ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കല്ലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചത്. ഇതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം വെളിച്ചത്തായത്. പൊലീസ് വരുത്തിവച്ച ഈ വലിയ പിഴവിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീൻ കോടതിയെ സമീപിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻ പ്രവാസി വികെ താജുദ്ദീനും കുടുംബത്തിനുമായി 14 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. താജുദ്ദീൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടികൾ ആവർത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതെന്ന് കോടതി വ്യക്തമാക്കി.
നിയമാനുസൃത നടപടികൾ പ്രകാരം നഷ്ടപരിഹാരത്തുക കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും സർക്കാരിന് വേണമെങ്കിൽ ഈടാക്കാവുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിവിൽ നടപടികൾ സ്വീകരിക്കുന്നതിന് വാദിഭാഗത്തിന് തടസമില്ല. കീഴ്‌ക്കോടതിയെ കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിക്കാൻ ഹർജിക്കാർക്ക് ഈ ഉത്തരവ് തടസമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Previous Post Next Post