കൊച്ചി : കഴിഞ്ഞവർഷം മലയാള സിനിമയെ സംബന്ധിച്ച് വലിയ പരീക്ഷണങ്ങളുടെയും പതീക്ഷകളുടെയും വർഷമായിരുന്നു. 185 ചിത്രങ്ങളാണ് തിയറ്ററിൽ റിലീസ് ചെയ്തത്. 860 കോടിയോളമാണ് മുതൽ മുടക്ക്. എന്നാൽ കഴിഞ്ഞ വർഷം മലയാള സിനിമ വ്യവസായത്തിൽ 530 കോടി രുപയുടെ നഷ്ടമുണ്ടായതായി കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് വ്യക്തമാക്കി.
9 ചിത്രങ്ങൾ സൂപ്പർ ഹിറ്റ് ഗണത്തിലും പതിനാറ് ചിത്രങ്ങൾ ഹിറ്റ് ഗണത്തിലും ഉൾപ്പെടുന്നു. 185 ചിത്രങ്ങളിൽ 150 ചിത്രങ്ങളും തീയറ്ററിൽ പരാജയപ്പെട്ടതായാണ് കണക്കുകൾ പറയുന്നത്. തീയറ്റർ റിലീസ് ചെയ്ത് ആവറേജ് കളക്ഷൻ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങളും മുതൽ മുടക്ക് തിരിച്ചുപിടിച്ചതായും കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് അറിയിച്ചു.
മുടക്കുമുതൽ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ മലയാള ചലച്ചിത്ര വ്യവസായത്തിന് 530കോടി നഷ്ടം സംഭവിച്ചതായും സംഘടന പറയുന്നു. റീ റിലീസ് ചിത്രങ്ങൾ ട്രെൻഡ് ആയെങ്കിലും 8 പഴയ മലയാള ചിത്രങ്ങൾ റീ റീലീസ് ചെയ്തതിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചതെന്നും ഈ വർഷം ഒരുപിടി മികച്ച ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു എന്നതാണ് മലയാള സിനിമയെ സംബന്ധിച്ചുള്ള പ്രതീക്ഷയെന്നും കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
