സുനില്‍ കനഗോലു ജയസാധ്യതാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു; മിഷൻ 2026 പദ്ധതിയുമായി കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക്

സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്‌ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി, ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനില്‍ കനഗോലു അവതരിപ്പിച്ചു.

വയനാട്ടില്‍ നടക്കുന്ന കോണ്‍ഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്ബ് യോഗത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കോണ്‍ഗ്രസിൻ്റെ സ്ഥാനാർത്ഥികള്‍ ആരാവണം, എല്‍ഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളില്‍ എത്രത്തോളം ജയസാധ്യതയുണ്ട് എന്നടക്കം വിശദമായ പഠന റിപ്പോർട്ടാണ് സുനില്‍ കനഗോലു അവതരിപ്പിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ "മിഷൻ 2026" റിപ്പോർട്ട് ഇന്ന് ക്യാമ്ബിലെ പൊതുയോഗത്തിലും അവതരിപ്പിക്കും. 100 സീറ്റ് നേടി ഭരണത്തില്‍ എത്താനുള്ള കർമ്മ പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ക്യാമ്ബില്‍ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ പൊതു ചർച്ച ഉണ്ടാകും. സ്ഥാനാർത്ഥി നിർണയം നേരത്തെ ആക്കാനുള്ള സംഘടനാ ദൗത്യത്തിനാണ് മുഖ്യ പരിഗണന. ഫെബ്രുവരി ആദ്യവാരത്തിനുള്ളില്‍ 70 സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ധാരണയിലെത്താനും പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയില്‍ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനുമാണ് നീക്കം.

സംസ്ഥാന സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ സമരപരിപാടികള്‍ക്ക് കലണ്ടറും തയ്യാറാക്കും. ഇന്നലെ നടന്ന അവലോകന യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും പരാജയപ്പെട്ട ഇടങ്ങളിലെ കാര്യകാരണങ്ങളും നേതൃയോഗം വിശദമായി ചർച്ച ചെയ്തു. ഇന്ന് വൈകിട്ട് "ലക്ഷ്യ" ക്യാമ്ബ് സമാപിക്കും.

Previous Post Next Post