സ്വാഗതം 2026; പുത്തൻ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു. ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2026 നെ ലോകം വരവേറ്റത്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും നടന്നു. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്. മറ്റു പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചും പുതുവർഷത്തെ വരവേറ്റു.

ഫോർട്ട് കൊച്ചിയില്‍ രണ്ട് പപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. വെളി മൈതാനത്തെ 55 അടി ഉയരമുള്ള പപ്പാഞ്ഞി സിനിമാതാരം ഷൈൻ നിഗമാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ കാർണിവല്‍ കമ്മിറ്റിയുടെ 50 അടി ഉയരമുള്ള പപ്പാഞ്ഞി പരേഡ് മൈതാനിയിലാണ് ഒരുക്കിയത്. കൂടാതെ നിരവധി ചെറുപപ്പാഞ്ഞികളും ഫോർട്ട് കൊച്ചിയില്‍ കത്തിയമർന്നു. തിരുവനന്തപുരം വെള്ളാറിലെ കേരളാ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജില്‍ 40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ട് 2026-നെ സ്വാഗതം ചെയ്തു
കോവളം അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നവവത്സരാഘോഷങ്ങള്‍ ഗംഭീര പരിപാടികളോടെ നടന്നു. ലോകത്ത് പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനും എട്ടര മണിക്കൂർ മുമ്ബേയായിരുന്നു കിരിബാത്തി പുതിയ വർഷത്തെ വരവേറ്റത്. തൊട്ടുപിന്നാലെ ന്യൂസിലാൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. തുടർന്ന് ഓസ്ട്രേലിയ, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു. അവസാനം പുതുവർഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ്..
Previous Post Next Post