പാലായില്‍ ബിനു പുളിക്കകണ്ടവുമായി കൂടിക്കാഴ്ച നടത്തി സിപിഎം നേതാക്കള്‍. മന്ത്രി വി.എന്‍. വാസവനും സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥനും ഒന്നിച്ചെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയില്‍ ബിനു പുളിക്കകണ്ടത്തിന്റെ ആവശ്യങ്ങള്‍ എല്‍ഡിഎഫ് അംഗീകരിച്ചതായാണ് വിവരം. എന്നാല്‍ മുന്നണി പ്രവേശനത്തില്‍ ബിനു പുളിക്കകണ്ടം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതേസമയം, ബിനു പിന്തുണ പ്രഖ്യാപിക്കാത്തത് യുഡിഎഫില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. ഇരുമുന്നണികളുമായും ചര്‍ച്ച നടത്തുമെന്നാണ് ബിനു പുളിക്കകണ്ടത്തിന്റെ നിലപാട്.
ബിനുവും മകള്‍ ദിയയും സഹോദരന് ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് വിജയിച്ചത്. 26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിന്റെ നിലപാടും നിര്‍ണായകമാകും.
ഏതെങ്കിലും മുന്നണിക്കൊപ്പംനിന്നാല് വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമാണ് ബിനു ഉയര്‍ത്തിയത്. തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ടു വച്ചിരുന്നു.
പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ പുളിക്കകണ്ടം ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തിയിരുന്നു..
പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര് പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കകണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.
പാലാ നഗരസഭയിലെ വാര്‍ഡ് 13 മുരിക്കുംപുഴ, 14 പരിപ്പിക്കുന്ന്, 15 പാലംപുരയിടം എന്നിവിടങ്ങളിലെ വോട്ടര്‍മാരുടെ ജനസഭയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്ഷന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നത്.