കൊച്ചി: ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം സംശയിക്കുന്ന ദിണ്ഡിഗൽ സ്വദേശി ഡി മണിയുടെ സാമ്പത്തിക വളർച്ചയിൻ വൻ ദുരൂഹത. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന മണി ആറ് വർഷം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നതെന്നാണ് റിപ്പോർട്ടുകൾ. ഓട്ടോക്കാരനിൽ നിന്ന് തുടങ്ങിയ മണി, റിയൽ എസ്‌റ്റേറ്റ്, ഫിനാൻസ്, ഗോൾഡ് ലോൺ തുടങ്ങിയ ബിസിനസുകളിലേക്ക് വളരുകയായിരുന്നു. ഒരുകാലത്ത് തിയേറ്ററിൽ കാന്റീൻ നടത്തി പോപ്‌കോൺ കച്ചവടവും മണി നടത്തിയിരുന്നു. ഇയാളുടെ അതിവേഗത്തിലുള്ള വളർച്ച ഉൾപ്പെടെ എസ്‌ഐടി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ശബരിമല സ്വർണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ബാലസുബ്രമണ്യൻ എന്നതാണ് മണിയുടെ യഥാർത്ഥ പേര് എന്നാണ് വിവരം. നാല് പഞ്ചലോഹ വിഗ്രഹങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചായിരുന്നു ഇടപാടുകൾ എന്നുമായിരുന്നു ഇയാളുടെ മൊഴി.
വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം. ഡി മണിയടെ ഡിണ്ടിഗലിലെ സ്ഥാപനത്തിൽ ഇന്നലെ എസ് ഐ ടി പരിശോധന നടത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താൻ ഡി മണിയല്ല, എംസ് മണിയാണ് എന്ന നിലപാടാണ് ഇയാൾ സ്വീകരിച്ചതെന്നാണ് വിവരം. ബാലമുരുകൻ എന്ന സുഹൃത്തിന്റെ സിം അണ് ഉപയോഗിക്കുന്നത്. അത് ദുരുപയോഗം ചെയ്ത് തന്നെ കുടുക്കിയതാണെന്നുമുള്ള നിലപാടാണ് മണി അന്വേഷണ സംഘത്തിന് മുന്നിൽ സ്വീകരിച്ചത്. എന്നാൽ, പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജാരാകാൻ നോട്ടീസ് നൽകിയാണ് എസ് ഐ ടി മടങ്ങിയത് എന്നാണ് റിപ്പോർട്ട്.
