ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളില്‍ ഡിസംബർ 04, വ്യാഴാഴ്ച പ്രാദേശിക അവധി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ സർക്കാർ ഒഫീസുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ നാലും പത്തനംതിട്ടയിലെ ഒരു താലൂക്കിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
'ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലാണ് നാളെ പ്രാദേശിക അവധി നല്‍കിയിരിക്കുന്നത്. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്ബലപ്പുഴ താലൂക്കുകളിലാണ് അവധി. ഇവിടങ്ങളില്‍ റെസിഡെൻഷ്യല്‍ സ്കൂളുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരിക്കും അവധി ലഭിക്കുക. അതോടൊപ്പം സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധിയായിരിക്കും'- കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നു.
പത്തനംതിട്ട തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷയ്ക്ക് അവധി ബാധകമല്ല.
അതേസമയം, പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസ് സംവിധാനവും ഫയർഫോഴ്സും ഉള്‍പ്പടെയുള്ള സർക്കാർ സംവിധാനങ്ങള്‍ ഏകോപനത്തോടെ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.