ട്രെയിൻ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ഫോണും ഹാൻഡ്ബാഗും മോഷണം പോയി; അന്വേഷണം

പട്ന: ട്രെയിൻ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാൻഡ്ബാഗും മോഷണം പോയി. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്ന വഴിയാണ് മോഷണം നടന്നത്. 40000 രൂപയും മൊബൈൽ ഫോണും സ്വർണക്കമ്മലും തിരിച്ചറിയൽ രേഖകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി പി കെ ശ്രീമതി പറഞ്ഞു.


എസി കോച്ചിൽ ലോവർ ബർത്തിൽ കിടക്കുമ്പോഴാണ് സംഭവം. സമസ്തിപൂരിന് അടുത്തുള്ള ദർസിങ് സരായിലേക്ക് സമ്മേളനത്തിന് പോകുന്ന വഴിയാണ് മോഷണം നടന്നത്. തന്റെ തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വെച്ചിരുന്നതെന്നും ശ്രീമതി പറഞ്ഞു. എപ്പോഴാണ് മോഷണം നടന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും പുലർച്ചെ നാല് മണിക്ക് ശേഷമായിരിക്കുമെന്നും ശ്രീമതി കൂട്ടിച്ചേർത്തു.


'എഴുന്നേറ്റ് നോക്കുമ്പോൾ തലയുടെ തൊട്ടടുത്തായി മുകളിൽ വെച്ച ബാഗ് കാണാനില്ലായിരുന്നു. ഇന്നലെ രാത്രി എട്ട് മണിക്കാണ് വണ്ടി കയറിയത്. ലക്കി സരായി എന്ന സ്റ്റേഷന് മുമ്പാണ് മോഷണം പോയത് അറിഞ്ഞത്. ഐഡന്റിന്റി കാർഡ്, പാർലമെന്ററി കാർഡ്, ലോക്സഭാ ഐഡന്റിന്റി കാർഡ് തുടങ്ങി എല്ലാ തിരിച്ചറിയൽ കാർഡുകളും മോഷണം പോയി. ഡിജിപിയെ ഉൾപ്പെടെ വിളിച്ചു. ആർപിഎഫിന്റെ ഓഫീസിലും പൊലീസ് സ്റ്റേഷനിൽ പോയും പരാതി നൽകി'- പി കെ ശ്രീമതി പറഞ്ഞു.


Previous Post Next Post