എസ്‌ഐആര്‍; രേഖകള്‍ തയ്യാറാക്കിവയ്ക്കാന്‍ സമയം, ഹിയറിങ് നോട്ടീസ് ഒരാഴ്ച മുന്‍പ് നല്‍കും

വിവരം നല്‍കാനാകാതെ പോയതിനെ തുടര്‍ന്ന് എസ്‌ഐആര്‍ കരട് പട്ടികയില്‍ പേര് ഇല്ലാത്ത 19.32 ലക്ഷം പേരെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായ ഹിയറിങ്ങിനുള്ള നോട്ടീസ് ഒരാഴ്ച മുന്‍പ് നല്‍കും.ഹിയറിങ് വേളയില്‍ ഹാജരാക്കേണ്ട രേഖകള്‍ തയ്യാറാക്കിവയ്ക്കാന്‍ ആവശ്യത്തിനു സമയം നല്‍കുന്നതിനു വേണ്ടിയാണ് ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കുന്നത്.

ഹിയറിങ്ങിന്റെ തീയതി ഇആര്‍ഒമാര്‍ നിശ്ചയിക്കും. തീയതി അറിയിച്ച്‌, ഒരാഴ്ച മുന്‍പ് ബിഎല്‍ഒമാര്‍ നോട്ടിസ് കൈമാറും. കിടപ്പുരോഗികള്‍, 85 വയസ്സിനു മുകളിലുള്ളവര്‍ എന്നിവരെ നേരില്‍ക്കണ്ട് ഹിയറിങ് നടത്തുന്ന കാര്യം ഇആര്‍ഒമാര്‍ക്കു തീരുമാനിക്കാം. ഹിയറിങ്ങിന് ഓണ്‍ലൈന്‍ സൗകര്യമുണ്ടായിരിക്കില്ല. പരിശോധനയ്ക്കും ഹിയറിങ്ങിനുമായി 2 മാസം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കു ബിഎല്‍എമാരെ നിയോഗിക്കാം. പുതുതായി 5003 ബൂത്തുകള്‍ രൂപീകരിച്ചപ്പോള്‍ ഒരേ കുടുംബത്തിലുള്ളവരുടെ വോട്ടുകള്‍ പലയിടത്തായി ചിതറിപ്പോയെന്ന പരാതി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. അന്തിമ വോട്ടര്‍പട്ടികയില്‍ ഇവരെ ഒറ്റ ബൂത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. പുതിയ ബൂത്തുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Previous Post Next Post