കുമാരനല്ലൂർ ദേവീക്ഷേത്രം ഇന്ന് തൃക്കാർത്തിക നിറവില്‍. നെയ് വിളക്കുകളും ചെരാതുകളും തെളിച്ച് ആയിരങ്ങള്‍ കാർത്തികവിളക്കില്‍ പങ്കാളികളാകും.
വീടുകളിലും കാർത്തികവിളക്ക് തെളിയിക്കും. പുലർച്ചെ തൃക്കാർത്തികയും കണ്ട് ഉച്ചയ്ക്ക് പ്രസാദമൂട്ടും സ്വീകരിച്ച് ദേശവിളക്കും കണ്ടാണ് ഓരോ ഭക്തന്റെയും മടക്കം.
ഇന്ന് പുലർച്ചെ 2.30ന് ദർശനം ആരംഭിച്ചു. ആയിരക്കണക്കിന് ഭക്തർ ദേവീസ്തുതികളുമായി അമ്മയെ തൊഴാനെത്തി. തിരുവാർപ്പ് അനന്ദു,വൈക്കം കണ്ണൻ എന്നിവരുടെ നടയിലെ സോപാനസംഗീതം പ്രഭാതത്തിന് ഭക്തിയുടെ തികവേകി. മഞ്ഞപ്ര മോഹനും സംഘവും നാമസങ്കീർത്തനം നടത്തി.
ചുറ്റുവിളക്കിന്റെ ദീപപ്രഭയില്‍ രാവിലെ ആറിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും. എഴുന്നള്ളിപ്പുകള്‍ക്ക് സജേഷ് സോമൻ പഞ്ചവാദ്യം ഒരുക്കും. 8.30 മുതല്‍ തിരിച്ച് എഴുന്നള്ളിപ്പിന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തില്‍ 50ല്‍ പരം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം. 10 മുതല്‍ ദേവീവിലാസം എല്‍.പി സ്‌കൂളില്‍ തൃക്കാർത്തിക പ്രസാദമൂട്ട്. ഡോ.ആർ.ലക്ഷ്മിപതി പ്രസാദമൂട്ട് സമർപ്പണം നടത്തും. നടപ്പന്തലില്‍ വൈകിട്ട് 5.30ന് ദേശവിളക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും. 9.30 വരെ നീളുന്ന ദേശവിളക്കിന് തൃക്കാർത്തിക ദീപപ്രോജ്വലനം ഡോ.ആർ.എൻ ശർമ്മ, ഡോ.വിനോദ് വിശ്വനാഥൻ, ജോയി പോള്‍, കെ.ഡി ഹരികുമാർ, എ.ആർ സജിമോൻ, ജയശങ്കർ പനിച്ചേപ്പറമ്ബില്‍ എന്നിവർ ചേർന്ന് നിർവഹിക്കും. രാത്രി 11.30ന് തൃക്കാർത്തിക പള്ളിവേട്ട എഴുന്നള്ളിപ്പ്.