ശ്രദ്ധിക്കുക; വോട്ട് ചെയ്യണമെങ്കില്‍ കൈയില്‍ കരുതണം ഈ രേഖകള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ സുതാര്യമായ രീതിയില്‍ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പ്, പാസ്സ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാം.

ഏതെങ്കിലും കാരണവശാല്‍ ഒരാളുടെ പേര് ഒന്നിലധികം വോട്ടര്‍പട്ടികകളിലോ, ഒരു വോട്ടര്‍പട്ടികയില്‍ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാന്‍ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും അയാള്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അവര്‍ക്കെതിരെ കര്‍ശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

അതുപോലെ വോട്ടു ചെയ്യാന്‍ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണ്. അത്തരം കുറ്റക്കാരെ പോലീസിന് കൈമാറുന്നതാണ്. കുറ്റക്കാരന്‍ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അര്‍ഹനാണ്.

തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 471, ബ്ലോക്ക് പഞ്ചായത്ത് - 75, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 39, കോര്‍പ്പറേഷന്‍ - 3) 11168 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് - 8310, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് - 1090, ജില്ലാ പഞ്ചായത്ത് വാര്‍ഡ് - 164, മുനിസിപ്പാലിറ്റി വാര്‍ഡ് - 1371 , കോര്‍പ്പറേഷന്‍ വാര്‍ഡ് - 233) ഇന്ന് (ഡിസംബര്‍ 9) വോട്ടെടുപ്പ് നടക്കുന്നത്.

ആകെ 1,32,83,789 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ - 62,51,219, സ്ത്രീകള്‍ - 70,32,444, ട്രാന്‍സ്‌ജെന്‍ഡര്‍ - 126). 456 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളില്‍ ആകെ 1,01,46,336 ഉം, മുനിസിപ്പാലിറ്റികളില്‍ 15,58,524 ഉം, കോര്‍പ്പറേഷനുകളില്‍ 15,78,929 വോട്ടര്‍മാരും ആണുള്ളത്.

ആകെ 36630 സ്ഥാനാര്‍ത്ഥികളാണ് (17056 പുരുഷന്മാരും, 19573 സ്ത്രീകളും, ഒരു ട്രാന്‍സ്‌ജെന്‍ഡറും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയക്ക് 27141 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3366 ഉം, ജില്ലാപഞ്ചായത്തിലേയ്ക്ക് 594 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 4480 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 1049 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.

ആദ്യഘട്ടത്തില്‍ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 480 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 15432 കണ്‍ട്രോള്‍ യൂണിറ്റും 40261 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2516 കണ്‍ട്രോള്‍ യൂണിറ്റും 6501 ബാലറ്റ് യൂണിറ്റും റിസര്‍വ്വായി കരുതിയിട്ടുണ്ട്.
Previous Post Next Post