കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫില്‍ നിന്ന് അടർത്തിയെടുത്ത് ജില്ലാ പഞ്ചായത്തും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും തൂത്തുവാരിയ എല്‍.ഡി.എഫ് വിജയം ആവർത്തിക്കാനുള്ള കരുനീക്കത്തിലാണെങ്കിൽ കഴിഞ്ഞതവണ നഷ്ടപ്പെട്ട കോട്ട തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തില്‍ യു.ഡി.എഫ്.
പി.സി.ജോർജിന്റെ ജനപക്ഷം ബി.ജെ.പിയില്‍ ലയിച്ചതും, ബി.ഡി.ജെ.എസ് ബന്ധവും മുതലെടുത്ത് കൂടുതലിടങ്ങളില്‍ അക്കൗണ്ട് തുറക്കാൻ സഹായിക്കുമെന്ന വിലയിരുത്തലില്‍ എൻ.ഡി.എ. പ്രചാരണാവേശം കൊട്ടിക്കയറിയിട്ടും ആർക്കും അനുകൂലമായ തരംഗ സൂചനകളില്ല. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും വന്യജീവി ആക്രമണവും നെല്‍ക്കർഷക പ്രശ്‌നങ്ങളുമെല്ലാം വോട്ടാകുമെന്നാണ് യു.ഡി.എഫ്, എൻ.ഡി.എ വിലയിരുത്തല്‍. ക്ഷേമ പെൻഷനുകളും വന്യജീവി പ്രശ്‌ന പരിഹാരത്തിന് നിയമ നിർമ്മാണവും ശബരിമല സ്വർണക്കൊള്ള ആരോപണത്തെ മറികടന്ന് ചർച്ചയായ രാഹൂല്‍ മാങ്കൂട്ടത്തില്‍ പീഡനക്കേസും തുണയ്ക്കുമെന്ന് എല്‍.ഡി.എഫും കരുതുന്നു. 71 ഗ്രാമ പഞ്ചായത്തില്‍ 50ലും 11 ബ്ലോക്കുകളില്‍ പത്തിടത്തും 22 അംഗ ജില്ലാ പഞ്ചായത്തില്‍ 14 ഡിവിഷനും എല്‍.ഡി.എഫ് പക്ഷത്താണ്. നഗരസഭകളില്‍ മാത്രമാണ് ആറില്‍ നാലിടത്ത് യു.ഡി.എഫിന് ഭൂരിപക്ഷം.
പ്രതീക്ഷകള്‍ വാനോളം
നിലവിലുള്ള സീറ്റുകള്‍ കുറയില്ല, കൂടുതല്‍ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തില്‍ എല്‍.ഡിഎഫ്
ഭരണവിരുദ്ധ വികാരം അലയടിച്ച് കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്ന വിശ്വാസത്തില്‍ യു.ഡി.എഫ്
പി.സി.ജോർജിന്റെയും, ബി.ഡി.ജെ.എസിന്റെയും സ്വാധീനത്തില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കുമെന്ന് എൻ.ഡി.എ
നെഞ്ചിടിപ്പും ഏറുന്നു
വോട്ടേഴ്സ് ലിസ്റ്റിലുള്ള പലരും സ്ഥലത്തില്ലാത്തതിനാല്‍ മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്
പോളിംഗ് ശതമാനം കുറയുന്നത് വിജയത്തെ ബാധിക്കുമെന്നതാണ് ആശങ്ക
നിഷ്പക്ഷ വോട്ടർമാരുടെ വോട്ട് എങ്ങോട്ട് മറിയുമെന്നത് മത്സരഫലത്തെ ആശ്രയിക്കും
ജില്ലാ പഞ്ചായത്തിലേക്ക് കടുത്തപോര്
23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ പന്ത്രണ്ടിടത്ത് പോരാട്ടം ശക്തമാണ്. ഇടതുമുന്നണിയില്‍ സി.പി.എമ്മും, കേരള കോണ്‍ഗ്രസ് എമ്മും 9 സീറ്റുകള്‍ വീതവും, സി.പി.ഐ നാലിടത്തും മത്സരിക്കുന്നു. മാണിഗ്രൂപ്പിന്റെ അക്കൗണ്ടില്‍ ഒരു ഇടതു പൊതുസ്വതന്ത്രനും രംഗത്തുണ്ട്. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 16 ഡിവിഷനിലും, കേരള കോണ്‍ഗ്രസ് ജോസഫ് ഏഴിടത്തും മത്സരിക്കുന്നു. മുസ്ലിംലീഗിനും ജോസഫ് ഗ്രൂപ്പിനും ഓരോ സംവരണ സീറ്റു കൊടുത്തെങ്കിലും സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ വന്നതോടെ കോണ്‍ഗ്രസ്‌ഏറ്റെടുത്തു. എൻ.ഡിഎയില്‍ ബി.ജെ.പി 20, ബി.ഡി.ജെ.എസ് മൂന്ന് സീറ്റിലും മത്സരിക്കുന്നു.
ഇളക്കി മറിച്ച് നേതാക്കള്‍
യു.ഡി.എഫ് പ്രചാരണത്തിന് ആവേശം പകർന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി , പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല , പി.ജെ.ജോസഫ് എന്നിവർ വിവിധയിടങ്ങളില്‍ എത്തി. മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിപ്രചാരണത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ,എൻ.ഡി.എയ്ക്കായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രേശഖർ, ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, അല്‍ഫോൻസ് കണ്ണന്താനം തുടങ്ങിയ നേതാക്കളെത്തി.