ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തി പരിശോധന നടത്തുന്നതിനിടെ കാര്‍ വന്നിടിച്ചു. തിരുവഞ്ചൂരിലെ പള്ളിയില്‍ മുത്തുക്കുട എടുക്കാന്‍ പോയി മടങ്ങിയ യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഓട്ടോ റോഡരികില്‍ നിര്‍ത്തി പരിശോധന നടത്തിയ യുവാവ് കാറിടിച്ചു മരിച്ചു.

ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തിയ ശേഷം പരിശോധന നടത്തുന്നതിനിടെ എത്തിയ കാര്‍ ഇടിയ്ക്കുകയായിരുന്നു. പാമ്ബാടി വെള്ളൂര്‍ പങ്ങട വടക്കേപ്പറമ്ബില്‍ ജോസിന്റെ മകന്‍ എമില്‍ ജോസാ(20)ണ് മരിച്ചത്.

അയര്‍ക്കുന്നം തിരുവഞ്ചൂരിലെ പള്ളിയില്‍ മുത്തുക്കുട എടുക്കാന്‍ പോയ ശേഷം തിരികെ വരികയായിരുന്നു എമിലും സുഹൃത്തുക്കളും. മണര്‍കാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ നിന്നും പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ ഇവര്‍ ഓട്ടോറിക്ഷ റോഡരികില്‍ ഒതുക്കിയ ശേഷം നാലുമണിക്കാറ്റില്‍ വിശ്രമിച്ചു. ഈ സമയം എമില്‍ ഓട്ടോയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

റോഡിലേക്ക് ഇരുന്ന ശേഷം ഓട്ടോയുടെ അടിയില്‍ എമില്‍ കുനിഞ്ഞ് നോക്കുന്നതിനിടെ ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും മണര്‍കാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ എമിലിനെ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ യുവാവിനെ മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇടിച്ച കാറില്‍ തന്നെയാണ് എമിലിനെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ മണര്‍കാട് പോലീസ് കേസെടുത്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.
Previous Post Next Post