യാത്ര പറയാതെ ശ്രീനിവാസൻ മടങ്ങിയെന്ന് നടൻ മോഹൻലാല്‍. സിനിമയില്‍ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു തങ്ങളുടെ സ്നേഹബന്ധം എന്നും, ഇരുവരും ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത് ശ്രീനിവാസന്റെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അനുശോചന കുറിപ്പില്‍ മോഹൻലാല്‍ കുറിച്ചു.
മോഹൻലാലിന്റെ കുറിപ്പ്
"യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു.
സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനില്‍ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്.
സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികള്‍. വേദനയെ ചിരിയില്‍ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു...," മോഹൻലാല്‍ കുറിച്ചു.
മലയാള സിനിമയിലെ അദ്വിതീയനായ പ്രതിഭയാണ് ശ്രീനിവാസൻ. ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ ശ്രീനിവാസന്റെ ഭൗതിക ശരീരം പൊതുദർശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അർപ്പിക്കാം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും.