ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ആറാഴ്ച നീണ്ട അന്വേഷണത്തിന്റെ സമഗ്ര റിപ്പോര്‍ട്ടാകും എസ്‌ഐടി കോടതിയില്‍ സമര്‍പ്പിക്കുക. റിപ്പോര്‍ട്ടു പരിഗണിക്കുന്ന കോടതി എന്തു തുടര്‍നടപടികള്‍ സ്വീകരിക്കും എന്നത് നിര്‍ണായകമാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയായിരിക്കും കോടതിയെ അറിയിക്കുക. അന്വേഷണത്തിലെ നിലവിലെ സാഹചര്യവും തുടര്‍ നടപടികളും അടച്ചിട്ട കോടതിമുറിയില്‍ എസ്‌ഐടി ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കും.
അതീവ രഹസ്യമായിട്ടാകണം അന്വേഷണം എന്ന് ഹൈക്കോടതി എസ്‌ഐടിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദേശിച്ച ആറാഴ്ച സമയപരിധി ഇന്നവസാനിക്കുകയാണ്. സ്വര്‍ണകൊള്ള കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടി കൂടുതല്‍ സമയം ചോദിച്ചേക്കും.
ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി (സ്‌പോണ്‍സര്‍), മുരാരി ബാബു (ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍), ഡി സുധീഷ് കുമാര്‍ (ശബരിമലയിലെ മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍), കെ എസ് ബൈജു (മുന്‍ തിരുവാഭരണം കമ്മിഷണര്‍), എന്‍ വാസു (ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറും), എ പത്മകുമാര്‍ (ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്) എന്നിവരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.