'തോല്‍വി സഹിക്കാനായില്ല'; പാനൂര്‍ കുന്നോത്ത് പറമ്ബ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെ സിപിഎം ആക്രമണം; ആഹ്‌ളാദ പ്രകടനത്തിന് നേരെ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു; പാര്‍ട്ടിക്കൊടി കൊണ്ട് മുഖം മറച്ച്‌ വടിവാളുമായി വീട് കയറി ആക്രമണം.


തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ വ്യാപക ആക്രമണം. വടിവാള്‍ പ്രകടനവുമായി വീടുകള്‍ കയറിയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.

കണ്ണൂര്‍ പാറാടാണ് അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. യുഡിഎഫിന്റെ വിജയാഹ്‌ളാദത്തിന് പിന്നാലെയാണ് കണ്ണൂര്‍ പാനൂരില്‍ സിപിഎം ആക്രമണം നടത്തിയത്. പാനൂര്‍ കുന്നോത്ത് പറമ്ബ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിന്റെ ആഹ്‌ളാദ പ്രകടനത്തിന് നേരെയാണ് സ്ഫോടകവസ്തുക്കള്‍ എറിയുകയും തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകന്റെ വീടിനു നേരെ വടിവാളുമായി എത്തി ആക്രമണം നടത്തുകയും ചെയ്തത്.

വൈകിട്ട് അഞ്ചരയോടെ പാറാട് മേഖലയിലാണ് സംഘര്‍ഷം ഉണ്ടായത്. കുന്നോത്ത് പറമ്ബ് പഞ്ചായത്തില്‍ 25 വര്‍ഷത്തിന് ശേഷം യുഡിഎഫ് 15 സീറ്റുകള്‍ നേടി ഭരണം പിടിച്ചിരുന്നു. ഇതിന്റെ ആഹ്‌ളാദ പ്രകടനങ്ങള്‍ പാറാട് അങ്ങാടിയില്‍ നടക്കുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്.കറുത്ത വസ്ത്രം ധരിച്ച്‌ പാര്‍ട്ടിക്കൊടി കൊണ്ട് മുഖം മറച്ചാണ് അക്രമിസംഘം എത്തിയത്. ഇവരെ കണ്ട യുഡിഎഫ് പ്രവര്‍ത്തകര്‍ ചിതറിയോടി. എന്നാല്‍ ഓടി രക്ഷപ്പെട്ടവരെ പിന്തുടര്‍ന്ന് വടിവാളും വലിയ വടികളുമുപയോഗിച്ച്‌ അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു.

പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒരാള്‍ സ്ഫോടക വസ്തു എറിയുന്നതും പിന്നീട് ലീഗ് ഓഫീസ് അടിച്ചു തകര്‍ക്കുന്നതും കാണാം. വ്യാപകമായ അക്രമത്തിന് ശേഷമാണ് അക്രമിസംഘം ചില യുഡിഎഫ് പ്രവര്‍ത്തകരെ തേടി വീടുകളിലെത്തിയത്. ഒരു യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വലിയ വടിവാളുകളുമായി എത്തിയ സംഘം ഭീതിതമായ സാഹചര്യമാണ് സൃഷ്ടിച്ചത്.വീട്ടിലെത്തിയ ഒരാള്‍ വടിവാളുയര്‍ത്തി വെട്ടാനോങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു.

Previous Post Next Post