തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കേരള ഹൈക്കോടതിയുടെ നിരീക്ഷണം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എസ്‌ഐടിയുടെ അന്വേഷണത്തിൽ പൂർണ തൃപ്തിയില്ലെന്നും കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ഉന്നതരിലേക്ക് അന്വേഷണ സംഘം എത്തിയിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അവരെ ചോദ്യം ചെയ്യാൻ പോലും അന്വേഷണസംഘം മടിച്ചുനിൽക്കുകയാണെന്നും അന്വേഷണസംഘത്തെ സർക്കാർ നിയന്ത്രിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
മാസങ്ങൾ കിട്ടിയിട്ടും അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. ജനങ്ങൾ ഇതിനെ ആശങ്കയോടെയാണ് കാണുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോടതി മാത്രമാണ് ഏക ആശ്വാസം. ഇത് മനസിലാക്കിയാണ് കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. യുഡിഎഫ് പറഞ്ഞത് പൂർണമായി ശരിവെക്കുന്നതാണ് ഹൈക്കോടതി ഇന്ന് പറഞ്ഞ കാര്യങ്ങൾ. ഇഡി അന്വേഷിക്കേണ്ട കാര്യമുണ്ടെന്ന കോടതി നീരീക്ഷണം ഗൗരവമുള്ളതാണെന്നും ഇഡി അന്വേഷിക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണം സംഘം. ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരെ എസ്ഐടി കസ്റ്റഡിയിൽ എടുത്തു. പ്രധാനപ്രതികളുടെ അറസ്റ്റിൽ എന്താണു കാലതാമസം എന്ന് ഹൈക്കോടതി എസ്ഐടിയോടു ഇന്നു ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റു രേഖപ്പെടുത്തി ഇവരെ ഇന്നു തന്നെ കൊല്ലത്തെ കോടതിയിൽ ഹാജരാക്കും. തട്ടിപ്പിൽ കമ്പനിയുടെ പങ്ക് തെളിഞ്ഞതിനാലാണ് കസ്റ്റഡിയിൽ എടുത്തത് എന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്.
