ശബരിമല സ്വർണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി.
അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്.
ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്.
കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു.
അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്.
സ്വർണകൊള്ള കേസിലെ എഫ്ഐആർ, അനുബന്ധ രേഖകൾ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമർപ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകേണ്ടത്.
സ്വർണകൊള്ളയിൽ അന്വേഷണം നടത്തുന്നതിൻറെ ഭാഗമായാണ് ഇഡി രേഖകൾ ആവശ്യപ്പെട്ടത്.
എന്നാൽ, സർക്കാരിനെകൂടി കേട്ടശേഷമെ രേഖകൾ നൽകുന്നതിൽ തീരുമാനം എടുക്കുകയുള്ളുവെന്നും കോടതി ഇഡിയെ അറിയിച്ചു.
അന്വേഷണം ഒരു മാസം കൂടി നീട്ടിയതോടെ ഇതോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തിന് നാലാഴ്ചത്തെ സമയം കൂടി ലഭിച്ചു.
മുൻ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിൻറെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയാണ് ഇന്ന് ഹൈക്കോടതിക്ക് അന്വേഷണ സംഘം കൈമാറിയത്.
ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം അടക്കം ഇനിയും വന്നിട്ടില്ല.
ഇക്കാര്യങ്ങളടക്കം ഹൈക്കോടതിയെ അറിയിച്ചു.
