തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ കോടതി നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് നടപടി. രാഹുൽ ഈശ്വർ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ ഡിസംബർ 6ന് പരിഗണിക്കും.
ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസിൽ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. തിരുവന്തപുരം സൈബർ പൊലീസാണ് രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തത്. തനിക്കെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നായിരന്നു രാഹുലിന്റെ വാദം. അതിജീവിതയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും രാഹുൽ ഹർജിയിൽ അവകാശപ്പെട്ടു. എന്നാൽ രാഹുലിന്റെ വാദം തള്ളിയ കോടതി രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
എംഎൽഎയ്‌ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വസ്തുതകളെയാണ് താൻ വിമർശിച്ചതെന്നും തന്റെ വീഡിയോകളൊന്നും പരിശോധിക്കാതെയാണ് എസിജെഎം കോടതി ജാമ്യം നിഷേധിച്ചതെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി അഭിഭാഷകൻ അലക്സ് കെ. ജോൺ മുഖേനയാണ് ജാമ്യാപേക്ഷ ഫയൽ ചെയ്തത്. അറസ്റ്റിലായ രാഹുലിനെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ജയിലിൽ നിരാഹാര സമരത്തിലാണ് രാഹുൽ.
