'തിരിച്ചടിക്ക് കാരണം ശബരിമല സ്വര്‍ണക്കൊള്ള'; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം

ശബരിമല വിവാദങ്ങളും സ്വർണക്കൊള്ളയില്‍ ഉചിതമായ നടപടിയെടുക്കാത്തതും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതായി സിപിഎം സംസ്ഥാന സമിതിയില്‍ വിമർശനം.

ഭരണവിരുദ്ധ വികാരമില്ലെന്നും സമിതി വിലയിരുത്തി. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിച്ചില്ലെന്നും വിലയിരുത്തലുണ്ടായി. സിപിഎം- ബിജെപി ധാരണയെന്ന യുഡിഎഫ് പ്രചാരണം ശക്തമായി. ഇതിനു കാരണം പിഎം ശ്രീയില്‍ ഒപ്പിട്ടതാണെന്നും വിമർശനമുയർന്നു.

ശബരിമല സ്വർണക്കൊള്ള വിഷയം ജനങ്ങള്‍ക്കിടയില്‍ വലിയ ചർച്ചയായെന്ന് സമിതിയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെയുള്ള വികാരമായി ഇതു മാറിയിട്ടും തിരിച്ചറിയാനായില്ല. പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും തെറ്റിദ്ധാരണയുണ്ടാക്കി. ചർച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഈ നിരീക്ഷണം ശരിവച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തല്‍. എന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.

ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നു പോയത്. സർക്കാരിന്റെ പ്രവർത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായി. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രചാരണ ജാഥ വേണമെന്നാണ് സമിതിയിലെ നിർദേശം.
Previous Post Next Post