'എന്നെ അറിയിച്ചിരുന്നില്ല, കൂടിയാലോചനയുമുണ്ടായില്ല'; സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ

ന്യൂഡൽഹി: ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസിന്റെ പ്രഥമ സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ എംപി. തന്നെ അറിയിക്കാതെയും കൂടിയാലോചിക്കാതെയുമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.


കോൺഗ്രസസിനകത്തു നിന്നു തന്നെ വലിയ വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പുരസ്‌കാരം വാങ്ങില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ശശി തരൂർ കൊൽക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.


പുരസ്‌കാരത്തിനായി പേര് വെച്ചത് തന്നോട് ചോദിക്കാതെയാണ്. പുരസ്‌കാര വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ശശി തരൂർ വ്യക്തമാക്കി. ശശി തരൂരിന് സവർക്കർ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. സവർക്കറിന്റെ പേരിലുള്ള ഒരു അവാർഡും പാർട്ടി പ്രവർത്തകർ സ്വീകരിക്കാൻ പാടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു.

Previous Post Next Post