ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കെ, മകൻ പിതാവിനെ വെട്ടിക്കൊന്നു. കായംകുളത്ത് ഇന്നലെ രാത്രി 8.30-ഓടെയായിരുന്നു സംഭവം.
കായംകുളം എരുവ ആറുതൈക്കല് നടരാജനാണ് (63) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ നവജിത്താണ് (30) പിതാവിനെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 8.30-ഓടെ മാതാപിതാക്കളുമായി നവജിത്തിനുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സാമ്ബത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമാണ് ഇവരുടേതെന്നും, സാമ്ബത്തിക പ്രതിസന്ധിയൊന്നും ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മാതാപിതാക്കളും മകനും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ സൂചന നല്കുന്നു.
മാതാപിതാക്കളെ വെട്ടിയ ശേഷം വീടിന്റെ മുകളിലത്തെ നിലയില്‍ നിലയുറപ്പിച്ച പ്രതി നവജിത്തിനെ പോലീസ് അതിസാഹസികമായാണ് കീഴടക്കിയത്. നിലവിളി കേട്ട് പ്രദേശവാസികള്‍ എത്തിയപ്പോള്‍ ചോരപുരണ്ട വെട്ടുകത്തിയുമായി നവജിത്ത് വീടിനു പുറത്ത് നില്‍ക്കുകയായിരുന്നു. വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് നടരാജനും സിന്ധുവും രക്തം വാർന്നുകിടക്കുന്നതു കണ്ടത്.