ഫ്രാൻസിസ് ജോർജ് എംപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കോട്ടയം മുളങ്കുഴയില്‍ നിന്ന് ആരംഭിച്ച് തൃപ്പൂണിത്തുറയില്‍ എറണാകുളം ബൈപാസില്‍ അവസാനിക്കും വിധമാണ് പാതയുടെ കരട് നിർദ്ദേശത്തിലുള്ളത്.60 കിമിയാണ് നീളം.കോട്ടയം- കാഞ്ഞിരം- കുമരകം- കവണാറ്റിൻകര- കൈപ്പുഴമുട്ട്- തലയാഴം- വല്ലകം- കാട്ടിക്കുന്ന്- പൂത്തോട്ട- നടക്കാവ് വഴി തൃപ്പൂണിത്തുറയിലേക്ക് പൂർണമായും പുതിയ റോഡാണ് നിർദേശിച്ചിരിക്കുന്നത്.കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട ജില്ലകള്‍ക്കു പ്രയോജനപ്പെടുന്ന റോഡ് മധ്യകേരളത്തിലെ ഗതാഗത-വ്യാപാര മേഖലയ്ക്ക് വൻ ബൂസ്റ്റാകും.ദേശീയ പാത 183ൻ്റെ ചെങ്ങന്നൂർ മുതല്‍ കോട്ടയം വഴി മുണ്ടക്കയം വരെയുള്ള ഭാഗം വീതി കൂട്ടി ആധുനീക നിലവാരത്തില്‍ നിർമ്മിക്കുന്നതിനായി ദേശീയ പാതാ അതോറിറ്റി നിയമിച്ച പുതിയ കണ്‍സല്‍ട്ടൻസി ജനുവരിയില്‍ പഠനം ആരംഭിക്കുമെന്നും മന്ത്രി നിധിൻ ഗഡ്ഗരി അറിയിച്ചു. കോട്ടയത്ത് കെകെ റോഡിലും എംസി റോഡിലും അനുഭവപ്പെടുന്ന അതി രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച പൂർത്തിയാക്കിയതായി എംപി പറഞ്ഞു. മുളങ്കുഴയില്‍ നിന്നും ആരംഭിക്കുന്ന പുതിയ ബൈപാസ് സംബന്ധിച്ചും ഈ സമിതി പഠനം നടത്തും.ചെങ്ങന്നൂരില്‍ ആരംഭിച്ച് കോട്ടയം ഐഡാജംഗ്ഷൻ ( ചെയിനേജ് 60 മുതല്‍106. 700 വരെ) ഒന്നാം ഭാഗവും,ഐഡാ ജംഗ്ഷൻ മുതല്‍ കെ.കെ. റോഡിലെ ചെങ്കല്‍ പള്ളി (106.700 മുതല്‍ 137 വരെ )രണ്ടാം ഭാഗവും,ചെങ്കല്‍ പള്ളി മുതല്‍ മുണ്ടക്കയം (137 മുതല്‍ 160 വരെ) മൂന്നാം ഭാഗവും നവീകരിക്കുന്നതാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഐഡ ജംഗ്ഷൻ മുതല്‍ ചെങ്കല്‍ പള്ളി വരെയുള്ള ഭാഗത്തെ തിരക്ക് പരിഗണിച്ചും കോട്ടയം നഗരത്തിലടക്കമുള്ള സ്ഥലങ്ങളില്‍ റോഡ് വീതി കൂട്ടുന്നതിൻ്റെ ബുദ്ധിമുട്ട് കണക്കിലെടുത്തും നാട്ടകം മുളങ്കുഴയില്‍ നിന്നും ആരംഭിച്ച് മണ്ണാത്തിപ്പാറയില്‍ അവസാനിക്കുന്ന പുതിയ ബൈപാസ് സംബന്ധിച്ചുള്ള പഠനവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് എംപി പറഞ്ഞു.പുതിയ കണ്‍സള്‍ട്ടൻസി നടത്തുന്ന പഠനം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും അനിശ്ചിതമായി നീണ്ടു പോകില്ലന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ദേശീയപാതാ വികസന രംഗത്ത് 2016 മുതല്‍ 2025 വരെയുള്ള കാലത്തുണ്ടായതുപോലെയുള്ള അനിശ്ചിതത്വം ഇനി ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും എത്രയും വേഗം റോഡിൻ്റെ രൂപരേഖ തീരുമാനിച്ച് സ്ഥലമെടുപ്പ് പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായും എംപി പറഞ്ഞു.
കോട്ടയത്ത് നിന്ന് കുമരകം വെച്ചൂർ വൈക്കം വഴി തൃപ്പൂണിത്തുറയില്‍ എത്തിച്ചേരുന്ന പുതിയ ഉയരപ്പാത (എലിവേറ്റഡ് ഹൈവേ ); പഠനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നേരിട്ട് നടത്തുമെന്ന് മന്ത്രി നിധില്‍ ഗഡ്ഗരി; തീരുമാനം ഫ്രാൻസിസ് ജോർജ് എംപിയുമായുള്ള കൂടിക്കാഴ്ചയിൽ
Malayala Shabdam News
0