കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവർക്കെതിരായ നോട്ടീസും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇഡി അഡ്ജുഡിക്കേറ്റിങ്ങ് അതോറിറ്റിയുടെ നടപടിയാണ് സ്റ്റേ ചെയ്തത്.
സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലാണ് കിഫ്ബിയുടെ ചെയർമാനായത്. ഔദ്യോഗിക തലത്തിലുള്ള നിലപാടാണ് ഇതിൽ സ്വീകരിച്ചതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മസാല ബോണ്ടു വഴി സമാഹരിച്ച ഏതാണ്ട് 2000 കോടി രൂപയിൽ 450 കോടിയോളം രൂപ ഭൂമി വാങ്ങാൻ വിനിയോഗിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ ഭൂമി വാങ്ങുന്നത് ചട്ടവിരുദ്ധമാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് പറയുന്നത്.
എന്നാൽ റിയൽ എസ്റ്റേറ്റ് ഇടപാടല്ല നടത്തിയതെന്നും, ഭൂമി ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനപദ്ധതികളുടെ ഭാഗമായിട്ടാണെന്നുമായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നത്. ഈ വാദം പരിഗണിച്ച് മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കെ എം എബ്രാഹമിനുമെതിരെ നോട്ടീസിൽ തുടർ നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതിൽ തുടർവാദം ജനുവരിയിൽ നടക്കുമെന്നും കോടതി അറിയിച്ചു.
മസാലബോണ്ട് വഴി വിദേശത്തു നിന്നും സമാഹരിച്ച പണം ഫെമ ചട്ടം ലംഘിച്ച് ഭൂമി വാങ്ങാൻ ഉപയോഗിച്ചു എന്ന ആക്ഷേപത്തിൽ കിഫ്ബിക്കെതിരായ നോട്ടീസിൽ തുടർനടപടികൾ മൂന്നു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കിഫ്ബി ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ റിയൽ എസ്റ്റേറ്റ് പ്രവർത്തനമായി പറയാനാവില്ലെന്ന വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും അഡ്ജുഡിക്കേഷൻ അതോറിറ്റിക്ക് ഇക്കാര്യത്തിൽ അധികാരമില്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
