എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസ് മര്‍ദനത്തില്‍ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുതെന്ന് പരാതിക്കാരി.
സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നും മര്‍ദനമേറ്റ ഷൈമോളും ഭര്‍ത്താവ് ബെഞ്ചോയും ആവശ്യപ്പെട്ടു. സസ്പെന്‍ഷന് പിന്നാലെ പ്രതാപചന്ദ്രനെതിരെ പൊലീസിന്‍റെ വകുപ്പ് തല അന്വേഷണവും തുടങ്ങി. ഇതിനിടെ യുവതി മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇയാള്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഷൈമോള്‍ ഹർജി നല്‍കി. ഇതില്‍ വിശദമായ വാദം കേള്‍ക്കാൻ ഹർജി ജനുവരി 17ന് പരിഗണിക്കും.
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിവർത്തിയില്ലാതെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. വ്യക്തമായ ദൃശ്യങ്ങള്‍ക്കപ്പുറം പ്രതാപചന്ദ്രനെതിരെ മറ്റൊരു തെളിവ് ആവശ്യമില്ലായിരുന്നു. എന്നാല്‍, സസ്പെന്‍ഷനില്‍ നടപടി ഒതുക്കരുതെന്നാണ് അതിക്രമത്തിന് ഇരയായ കൊച്ചിയിലെ ലോഡ്ജ് ഉടമ ഷൈമോള്‍ക്കും ഭര്‍ത്താവ് ബെഞ്ചോയ്ക്കും പറയാനുള്ളത്. ഒരു വര്‍ഷത്തിലേറെ അനുഭവിച്ചെന്നും സ്ത്രീയെന്ന നിലയില്‍ അപമാനിതയായെന്നും ഷൈമോള്‍ പറഞ്ഞു.
പൊലീസ് സ്റ്റേഷനകത്ത് കയറിവന്ന് കൈക്കുഞ്ഞുങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നും കുഞ്ഞുങ്ങളെ വലിച്ചെറിയാന്‍ ശ്രമിച്ചപ്പോളാണ് ഇടപെട്ടതെന്നുമായിരുന്നു സസ്പെന്‍ഷന് മുന്‍പ് പ്രതാപചന്ദ്രന്‍റെ വിശദീകരണം. ഇതിനെ ന്യായീകരിക്കാന്‍ സ്റ്റേഷനിലെ മറ്റ് ചില സിസിടിവി ദൃശ്യങ്ങള്‍ പൊലീസും പുറത്തുവിട്ടു. ബെഞ്ചോയെ സ്റ്റേഷനകത്തേക്ക് കൊണ്ടുപോകുന്നതും പിന്നാലെ കൈക്കുഞ്ഞുങ്ങളുമായി ഷൈമോള്‍ സ്റ്റേഷനിലേക്ക് വരുന്നതും കാണാം. റിസപ്ഷനില്‍ നിന്ന് സംസാരിച്ച് അകത്തേക്ക് കയറാന്‍ ശ്രമിക്കുന്ന ഷൈമോളെ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ പിടിച്ചുവയ്ക്കുന്നത് ദൃശ്യത്തിലുണ്ട്. എന്നാല്‍ ഇതൊന്നും മുഖത്തടിച്ചതിനോ നെഞ്ചത്ത് പിടിച്ച് തള്ളിയതിനോ ന്യായീകരണമല്ല.