തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അതിജീവിത. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരുമണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നീണ്ടു. സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അതിജീവിതയെ അറിയിച്ചു.
കേസിൽ സർക്കാർ അപ്പീൽ പോകുമെന്നി മുഖ്യമന്ത്രി അതിജിവിതയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കേസിന്റെ തുടക്കം മുതൽ അതിജീവിതക്കൊപ്പമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തുടർന്നും കേരള ജനത ഒപ്പമുണ്ടെന്ന ഉറപ്പ് മുഖ്യമന്ത്രി അറിയിച്ചു. വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്. ഇവർക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ വകുപ്പുകളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കേസിലെ ഏഴു മുതൽ പത്തു വരെ പ്രതികളെയാണ് ജഡ്ജി ഹണി എം വർഗീസ് കുറ്റവിമുക്തരാക്കിയത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.
ഒന്നാം പ്രതി പൾസർ സുനി എന്ന സിനിൽകുമാർ എൻ എസ്, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.
ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ദിലീപ് എന്ന ഗോപാലകൃഷ്ണൻ, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരെ മാത്രമാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയിട്ടുള്ളത്.
