'ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല'; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

ദിണ്ഡിഗൽ: ശബരിമല സ്വർണക്കൊള്ള കേസിൽ ഉയർന്ന ആരോപണങ്ങൾ തള്ളി ഡിണ്ടിഗൽ സ്വദേശി എംഎസ് മണി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ ദിണ്ഡിഗല്ലിൽ എത്തി പരിശോധന നടത്തുകയും വിവരങ്ങൾ തേടുകയും ചെയ്തതിന് പിന്നാലെയാണ് മണി മാധ്യമങ്ങളെ കണ്ടത്. കേരളത്തിൽ പുറത്തുവരുന്ന വലിയ വാർത്തകളിൽ താൻ എങ്ങനെയെത്തി എന്നറിയില്ല. ചെറിയ ബിസിനസ് മാത്രമാണുള്ളത്. എല്ലാ സ്വത്തുക്കളും നിയമ വിധേയമാണെന്നും മണി ആവർത്തിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കൊണ്ടായിരുന്നു മണിയുടെ പ്രതികരണം.


തന്റെ പക്കലുള്ള വിവരങ്ങൾ എല്ലാം എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ എല്ലാം അവർക്ക് നൽകിയിട്ടുണ്ട്. ഞാൻ സാധാരണക്കാരനാണ്, കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല. മൂന്ന് പേരുടെ ഫോട്ടോകൾ കാണിച്ച് പൊലീസ് സംഘം വിവരങ്ങൾ തേടിയിരുന്നു. തന്റെ പേരിൽ പെറ്റിക്കേസ് പോലുമില്ല. ഇതുപോലൊരു വലിയ കേസിൽ എങ്ങനെയാണ് തന്റെ പേരെത്തിയത് എന്ന് അറിയില്ലെന്നും മണി പറയുന്നു. തന്നെ ഇനിയും വേട്ടയാടരുതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു.


ഫിനാൻസ് മാത്രമാണ് തനിക്കുള്ള ബിസിനസ്, സ്വർണം സംബന്ധിച്ച ഒരു ഇടപാടുമില്ല. _ബാലമുരുകനുമായി കാലങ്ങളായുള്ള ബന്ധമാണുള്ളത്. അതിന്റെ പേരിലാണ് ആ ഫോൺ ഉപയോഗിക്കുന്നത് എന്നും മണി ആവർത്തിച്ചു. വിവരങ്ങൾ നൽകാൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുണ്ട്. ഈ മാസം 30ന് തിരുവനന്തപുരത്ത് പോകുമെന്നും മണി അറിയിച്ചു. കേരളത്തിൽ വന്നിട്ടുള്ളത് പിതാവിന്റെ മരണാന്തര ചടങ്ങിനായിട്ടാണ്, ശബരിമലയ്ക്കും വന്നിട്ടുണ്ട്. അവിടെ ആരെയും പരിചയമില്ലെന്നും മണി പ്രതികരിച്ചു.


ശബരിമല സ്വർണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയെന്ന നിലയിലാണ് എസ്‌ഐടി മണിയിലേക്ക് എത്തിയത്. നാല് പഞ്ചലോഹ വിഗ്രഹങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചായിരുന്നു ഇടപാടുകൾ എന്നുമായിരുന്നു വിരങ്ങൾ.

Previous Post Next Post