ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച്‌ രണ്ട് പേർ മരിച്ചു.

കൊല്ലം ജില്ലയിലെ നിലമേല്‍ വാഴോട് വൈകീട്ട് 6.20ഓടെയാണ് അപകടമുണ്ടായത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവരാണ് മരിച്ചത്.

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ദർശനം പൂർത്തിയാക്കി തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇവരെ തേടി ദുരന്തമെത്തിയത്. മരണപ്പെട്ടവർക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടിയെ ഉടൻ തന്നെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, ഫയർഫോഴ്‌സ് എത്തി കാ‌ർ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കാർ വെട്ടിപ്പൊളിച്ച്‌ ഡ്രൈവറെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ചെറിയ തോതില്‍ ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസ് എത്തി നടപടികള്‍ വേഗത്തിലാക്കി. അപകടത്തിന്റെ കാരണം സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
Previous Post Next Post