പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞു, മുഖമടിച്ച് വീണ് പരിക്കേറ്റ് യാത്രക്കാരൻ, പൊലീസുകാരന്റെ കൈ ഒടിഞ്ഞു; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ കടന്നെന്ന് പരാതി

കൊച്ചി: വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം ആശുപത്രിയിൽ എത്തിക്കാതെ കടന്നുകളഞ്ഞതായി പരാതി. അപകടത്തിൽ പൊലീസുകാരനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കഴിഞ്ഞ ദിവസം രാവിലെ രണ്ടുമണിയോടെ ചെല്ലാനം മാളികപ്പറമ്പ് ഐസ് പ്ലാന്റിനു സമീപമായിരുന്നു സംഭവം. ഫോർട്ട് കൊച്ചിയിൽ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബൈക്കിൽ വന്ന ആലപ്പുഴ കൊമ്മാടി സ്വദേശി രാജേന്ദ്രന്റെ മകൻ അനിൽ (28), സുഹൃത്ത് രാഹുൽ സാബു (29) എന്നിവരെ വാഹന പരിശോധനയുടെ ഭാഗമായി പൊലീസ് തടയാൻ ശ്രമിച്ചതാണ് അപകടത്തിൽ ഇടയാക്കിയത്. അപകടത്തിൽ അനിലിന്റെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റു. കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോന്റെ കൈ ഒടിയുകയും ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്താൻ സിപിഒ ബിജുമോനെ ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നു കാട്ടി അനിലിനും രാഹുൽ സാബുവിനുമെതിരെ പൊലീസ് കേസെടുത്തു.


കണ്ണമാലി സ്റ്റേഷനിലെ എഎസ്ഐയ്ക്കൊപ്പം വാഹനപരിശോധന നടത്തുകയായിരുന്നു സിപിഒ വി എ ബിജുമോൻ. ഇതിനിടെ ബൈക്കിലെത്തിയ അനിലിനെയും രാഹുലിനെയും പൊലീസ് തടഞ്ഞു നിർത്താൻ ശ്രമിച്ചു. എന്നാൽ ഇവർ വാഹനം നിർത്താതെ വേഗം കൂട്ടിയതാണ് അപകടത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വാഹനം നിർത്താനായി വേഗം കുറച്ചെന്നാണ് രാഹുലിന്റെ വിശദീകരണം. ബിജുമോൻ അനിലിന്റെ കൈയിൽ കയറി പിടിച്ചതോടെ ആക്‌സിലേറ്റർ കൂടി ബൈക്ക് തലകുത്തി വീണെന്നും രാഹുൽ പറയുന്നു. അനിൽ മുഖമടിച്ചും ബിജുമോൻ കൈ കുത്തിയുമാണ് വീണത്.


വീഴ്ചയിൽ ബിജുമോന്റെ ബോധം നഷ്ടപ്പെട്ടു. അനിലിന്റെ മൂക്കിന്റെ പാലം തകരുകയും 34 പല്ലുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ കാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. രാഹുലിന് കാര്യമായ പരിക്കില്ല. പിന്നാലെ സിപിഒ ബിജുമോനെ മാത്രം വാഹനത്തിൽ കയറ്റി പൊലീസ് പോയി എന്നാണ് പരാതി. അനിലിന് ഗുരുതരമായി പരിക്കുണ്ടെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും രാഹുൽ പറഞ്ഞെങ്കിലും പൊലീസ് അത് അവഗണിച്ച് സ്ഥലത്തു നിന്നു പോയി എന്നാണ് ആരോപണം.


തുടർന്ന് അപകടത്തിൽപ്പെട്ട ബൈക്കിൽ തന്നെ അനിലിനെ തന്റെ പിന്നിൽ ഇരുത്തി ഷർട്ടുകൊണ്ട് കെട്ടിവച്ച് രാഹുൽ 20 കിലോമീറ്റർ ഓടിച്ച് ചെട്ടികാട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ അനിലിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബിജുമോന്റെ കൈക്ക് ഉച്ചയോടെ ശസ്ത്രക്രിയ നടത്തി. ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.


രാഹുലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് അനിലാണ് ഓടിച്ചിരുന്നത്. പൊലീസുകാർ കൈ കാണിച്ചപ്പോൾ തങ്ങൾ വേഗം കുറച്ച് നിർത്താൻ ശ്രമിച്ചെന്നും അപ്പോൾ പൊലീസുകാരൻ അനിലിന്റെ കൈയിൽ കയറി പിടിക്കുകയായിരുന്നു എന്നുമാണ് രാഹുൽ പറയുന്നത്. ഇതോടെ ആക്‌സിലേറ്ററിന്റെ വേഗം കൂടി ബൈക്ക് തലകുത്തനെ മറിഞ്ഞു. വാഹനത്തിനൊപ്പം തങ്ങളും പൊലീസുകാരനും വീണെന്നും രാഹുൽ പറയുന്നു. തുടർന്ന് എണീറ്റു നോക്കുമ്പോൾ പൊലീസുകാരൻ നിലത്ത് കിടക്കുകയായിരുന്നു എന്നും എതിരെ വന്ന മറ്റൊരു വാഹനത്തിലുള്ളവരുടെ കൂടി സഹായത്തോടെ അദ്ദേഹത്തെ ജീപ്പിൽ കയറ്റുകയായിരുന്നു എന്നും രാഹുൽ പറയുന്നു. ചോരയൊലിപ്പിച്ചു കിടന്ന അനിലിനെ കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞെങ്കിലും അത് ചെയ്തില്ലെന്നും രാഹുൽ പറയുന്നു. ആലപ്പുഴ എസ്പിക്ക് പരാതി നൽകിയതായും രാഹുൽ വ്യക്തമാക്കി.


അനിലിന്റെ പിതാവ് രാജേന്ദ്രന്റെ ഒരു കാൽ മുറിച്ചു മാറ്റിയതാണ്. കിഡ്‌നിക്ക് അസുഖം ബാധിച്ച രാജേന്ദ്രനും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനിലാണ് പിതാവിനെ എടുത്ത് വാഹനത്തിൽ കയറ്റിയിരുന്നതും മറ്റും. യുവാക്കളെ ബലമായി തടഞ്ഞിട്ടില്ലെന്നും അവർ ബൈക്ക് ഇടിപ്പിക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ വാദം. പൊലീസുകാരെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൃത്യനിർഹണം തടസപ്പെടുത്തുകയായിരുന്നു ബൈക്ക് യാത്രികർ എന്നാണ് കണ്ണമാലി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്. എഎസ്‌ഐ സി ബിജുമോൻ ബൈക്ക് നിർത്താൻ കൈ കാണിച്ചെങ്കിലും ഓടിച്ചു പോകുന്നതിനിടെ സിപിഒ വി എ ബിജുമോന്റെ ഇടതുകൈയിൽ ഇടിക്കുകയും ഇതിന്റെ ആഘാതത്തിൽ തലയിടിച്ചു വീണ് അബോധാവസ്ഥയിലാവുകയും ചെയ്തു എന്നും എഫ്‌ഐആറിൽ പറയുന്നു.

Previous Post Next Post