ഗൂഗിള്‍ പേവഴി പണം കിട്ടിയില്ല; യാത്രക്കാരിയെ രാത്രി വഴിയിലിറക്കിവിട്ട കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു.


കെ.എസ്.ആർ.ടി.സി ബസില്‍ ഗൂഗിള്‍ പേവഴി പണം നല്‍കിയത് പരാജയപ്പെട്ടതിനെ തുടർന്ന് കണ്ടക്ടർ യാത്രക്കാരിയെ രാത്രി വഴിയിലിറക്കി വിട്ട സംഭവത്തില്‍ നടപടി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളറട ഡിപ്പോയിലെ എംപാനല്‍ കണ്ടക്‌ടർ നെല്ലിമൂട് സ്വദേശി സി അനില്‍ കുമാറിനെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. കെ.എസ്.ആർ.ടി.സി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നാണ് നടപടി.

വെള്ളറട അഞ്ചുമരങ്കാല സ്വദേശിയായ ദിവ്യയെയാണ് ഇക്കഴിഞ്ഞ 26ന് ബസില്‍ നിന്ന് ഇറക്കിവിട്ടത്. കുന്നത്തുകാലിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയശേഷം രാത്രി 8. 45ന് വെള്ളറടയിലേക്ക് പോകാനായി കയറിയ ബസിലായിരുന്നു സംഭവം. ടിക്കറ്റ് വാങ്ങിയശേഷം ഗൂഗിള്‍പേവഴി 18 രൂപ അയച്ചു. എന്നാല്‍ നെറ്റ് തകരാറുകാരണം പണം കണ്ടക്ടർക്ക് കിട്ടിയില്ല. വെള്ളറടയിലെത്തിയശേഷം ബസ് സ്റ്റാൻഡില്‍ കാത്തുനില്‍ക്കുന്ന ഭർത്താവ് ടിക്കറ്റിന്റെ ചാർജ് നല്‍കാമെന്ന് അറിയിച്ചെങ്കിലും കണ്ടക്ടർ ഇതൊന്നും ചെവികൊള്ളാതെ തോലടിയില്‍ ഇവരെ ഇറക്കിവിട്ടു. മറ്റ് യാത്രികരുടെ മുന്നില്‍ വച്ച്‌ ആക്ഷേപിക്കുകയും 'പുറത്തിറങ്ങെടീ' എന്നാക്രോശിച്ചുകൊണ്ട് ഇരുട്ടുള്ള സ്ഥലത്ത് ഇറക്കിവിട്ടെന്നുമാണ് യുവതിയുടെ പരാതി.

പിന്നീട് യുവതി ഭർത്താവിനെ വിവരം അറിയിച്ചശേഷം രണ്ടുകിലോമീറ്ററോളം കാല്‍നടയായി നിലമാംമൂട് വരെ എത്തിയപ്പോഴാണ് ഭർത്താവ് ഇവരെ വിളിക്കാനെത്തിയത്. അസമയത്ത് റോഡില്‍ ഇറക്കിവിടുകയും മോശമായി പെരുമാറുകയും ചെയ്ത കണ്ടക്ടർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദിവ്യ കെ.എസ്.ആർ.ടി.സി ഉന്നത അധികൃതർക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം, യുവതി ബസില്‍ കയറിയിട്ടില്ലെന്നും സംഭവം നടന്നിട്ടില്ലെന്നുമാണ് കണ്ടക്‌ടർ അനില്‍ കുമാർ പറയുന്നത്. കളിയിക്കാവിള - വെള്ളറട റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. സംഭവദിവസം ബസ് കൂനമ്ബനയിലേയ്ക്ക് പോയിട്ടില്ലെന്നും കണ്ടക്‌ടർ പറയുന്നു.

Previous Post Next Post