കൊച്ചി കളമശ്ശേരിയില്‍ നിന്ന് കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്നു സംശയിക്കുന്ന മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്നലെ മകന്‍ മൃതദേഹം മോര്‍ച്ചറിയില്‍ കയറി മൃതദേഹം കണ്ടെങ്കിലും പൂര്‍ണമായി അഴുകിയ നിലയിലായതിനാല്‍ ഒന്നും ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തി സ്ഥിരീകരണത്തിന് നടപടികള്‍ തുടങ്ങിയത്.
കുവൈത്തില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമ (58) അവിടെ മദ്യദുരന്തത്തിന് ഇരയായി ഓര്‍മ്മ നഷ്ടപ്പെട്ടയാളാണ്. കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ട സൂരജിനെ ഇവിടെയെത്തിയ ശേഷം കാണാതാകുകയായിരുന്നു. കളമശ്ശേരി എച്ച് എംടിയിലെ കുറ്റക്കാട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഇറങ്ങിയ ശേഷം വെള്ളം കുടിക്കാനോ പ്രാഥമിക ആവശ്യം നിറവേറ്റാനോ ആയിരിക്കും സൂരജ് കുറ്റിക്കാട്ടിലേക്ക് ഇറങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്. കുറ്റിക്കാട്ടിലെ ചതുപ്പില്‍ ഇടതുകാലും കൈയും ആഴ്ന്നു പോയതാണ് സൂരജിനെ അപകടത്തിലാക്കിയതെന്നും പൊലീസ് കരുതുന്നു. മകന് തിരിച്ചറിഞ്ഞ് ഉറപ്പിക്കാനായില്ലെങ്കിലും വസ്ത്രം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്ബോള്‍ ഇത് സൂരജ് ലാമയുടെ മൃതദേഹം തന്നെയാകാമെന്നാണ് പൊലീസ് പറയുന്നത്
സൂരജ് ലാമയെ ഇടയ്ക്ക് പ്രവേശിപ്പിച്ചിരുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പിതാവിന് വേണ്ടത്ര കരുതല്‍ നല്‍കിയില്ലെന്ന് മകന്‍ ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന കാര്യത്തില്‍ ആദ്യം ആശയക്കുഴപ്പമുണ്ടായി. മകന് വിശ്വാസക്കുറവുണ്ടെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാമെന്ന് പൊലീസും പറഞ്ഞു. എന്നാല്‍, കളമശ്ശേരിയില്‍ തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ മകന്‍ അനുവാദം നല്‍കുകയായിരുന്നു.