'ദിലീപിനെ വെറുതെ വിട്ടതിൽ സന്തോഷം'; പതിനൊന്നു ദിവസമായി, സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിൽ സന്തോഷമുണ്ടെന്ന് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ കുറ്റബോധമില്ല. കിഡ്‌നിക്ക് തകരാർ വരുമെന്ന് ഡോക്ടർമാർ പറഞ്ഞതിനാലാണ് താൻ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന തന്നെ വെറുതെ ജയിലിൽ കിടത്തിയതാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.


' ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം. മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല, പക്ഷെ ദയവായി ഞങ്ങളെ പോലുളളവർ കള്ളക്കേസിൽ കുടുക്കപ്പെടുമ്പോൾ നിങ്ങൾ പിന്തുണയ്ക്കണം. കിഡ്‌നിക്ക് പ്രശ്‌നമാവുന്നെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാലുദിവസം വെള്ളമില്ലാതെ കഴിഞ്ഞു. അഞ്ച് ദിവസം ആഹാരമില്ലാതെ കഴിഞ്ഞു. പതിനൊന്നുദിവസമായി..സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ്' - രാഹുൽ പറഞ്ഞു


പരാതിക്കാരിയെ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വിവരങ്ങൾ പങ്കുവച്ചതായി ആരോപിച്ച് രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവരടക്കം 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

Previous Post Next Post