തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് രണ്ടുമണിക്കൂർ. ശനിയാഴ്ച എസ്‌ഐടി ഓഫീസിൽ വിളിച്ചുവരുത്തിയാണ് പ്രത്യേക അന്വേഷണം സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. മുൻ ദേവസ്വം മന്ത്രി എന്ന നിലയിലായിരുന്നു ചോദ്യങ്ങളെന്നും അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുവെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. മൊഴി നൽകിയതിൽ ആരെയും പഴി ചാരിയിട്ടില്ലെന്നും ആരെയെങ്കിലും കുറ്റപ്പെടുത്താൻ തനിക്ക് ഇതേക്കുറിച്ച് എന്തെങ്കിലും അറിവുവേണ്ടോയെന്നും കടകംപള്ളി ചോദിച്ചു. എന്നാൽ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ മുൻ മന്ത്രി തയ്യാറായില്ല.
അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. സ്വർണക്കവർച്ച കേസിൽ അന്വേഷണം മുകൾത്തട്ടിലേക്ക് എത്തുന്നില്ലെന്നും കടകംപള്ളി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ വൈകുന്നു എന്നുമുള്ള ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് എസ്ഐടിയുടെ നിർണായക നീക്കം.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തു. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വം മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
അതേസമയം അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനു കൂടുതൽ കുരുക്കാകുന്നതാണ് അന്നത്തെ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിന്റെ മൊഴി. താൻ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണു വിജയകുമാർ എസ്ഐടിയോടു പറഞ്ഞത്. സ്വർണപ്പാളി മാറ്റുന്ന കാര്യമടക്കം ബോർഡിൽ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാർ പറഞ്ഞു. സമ്മർദം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്നും വിജയകുമാറിന്റെ മൊഴിയിൽ ഉണ്ട്.
പത്മകുമാറിന്റെ റിമാൻഡ് കാലാവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. താങ്കളെ ബലിയാടാക്കുകയാണോയെന്ന ചോദ്യത്തിന് നോക്കാം.. അയ്യപ്പൻ നോക്കിക്കൊള്ളുമെന്നായിരുന്നു പത്മകുമാറിന്റെ മറുപടി. കടകംപള്ളിയാണോ ദൈവതുല്യൻ എന്ന ചോദ്യത്തിന് ശവം തീനികളല്ലെന്നായിരുന്നു പത്മകുമാറിന്റെ മറുപടി.
