തിരുവനന്തപുരത്ത് കടുവ സെന്‍സസ് എടുക്കാന്‍ പോയ ഉദ്യോഗസ്ഥരെ കാണാനില്ല, ആശങ്ക

കടുവ സെന്‍സസ് എടുക്കാന്‍ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 3 പേരെയാണ് കാണാതായത്.

ഫോറസ്റ്റര്‍ വിനീത, ബിഎഫ്‌ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്.

ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവര്‍ എണ്ണമെടുക്കാന്‍ പോയത്. സംഘവുമായുള്ള ടെലഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടു. ഇവര്‍ക്കായി ആര്‍ആര്‍ടി സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കാട്ടാനയടക്കം വന്യമൃഗങ്ങള്‍ ഏറെയുള്ള മേഖലയാണിത്. കാണാതായവര്‍ കൂട്ടം തെറ്റി പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.

രാജ്യവ്യാപകമായി നടത്തുന്ന ആറാമത്തെ കടുവാ സെന്‍സസിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കടുവ സെന്‍സസ് നടന്നുവരികയാണ്. ഏപ്രില്‍ മാസംവരെ മൂന്നുഘട്ടമായി കണക്കെടുപ്പ് നടത്തുക. കടുവകളുള്ള മേഖലകള്‍ ജിപിഎസ് സഹായത്തോടെ അടയാളപ്പെടുത്താനുള്ള (ജിയോ ടാഗിങ്) സൗകര്യം ഉപയോഗിച്ച്‌ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പേപ്പര്‍രഹിതമായാണ് സര്‍വേ. കടുവ ഇരകളാക്കുന്ന മൃഗങ്ങളുടെ സാന്നിധ്യവും എണ്ണവും വനത്തിലെ ആവാസവ്യവസ്ഥയുമെല്ലാം വിലയിരുത്തുന്നുണ്ട്.

രണ്ടാം ഘട്ടത്തില്‍ ഓരോ ഗ്രിഡിലും കാമറ ട്രാപ്പുകള്‍ സ്ഥാപിക്കും. കാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍നിന്ന് ഉടലിലെ വരകളുടെ ഘടന, നീളം, വീതി, പ്രത്യേകമായ ആകൃതി ഇവയെല്ലാം വിലയിരുത്തിയാണ് കടുവകളെ തിരിച്ചറിയുന്നത്. മൂന്നാംഘട്ടത്തില്‍ വനത്തില്‍നിന്ന് കടുവകളുടെ കാല്‍പ്പാടുകളും പരിശോധിക്കും. നോര്‍ത്ത് വയനാട് ഡിവിഷനില്‍ 90 ഉദ്യോഗസ്ഥരെയാണ് സെന്‍സസിനായി വിന്യസിച്ചിട്ടുള്ളത്. നോര്‍ത്ത് വയനാട് ഡിവിഷനെ 23 ബ്ലോക്കുകളായി തിരിച്ചാണ് സെന്‍സസ്.
Previous Post Next Post