രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. വൈകിട്ട് 6.46 ഓടു കൂടിയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്.
മാറ്റിവെച്ച ഹൃദയം ദുര്‍ഗയുടെ ശരീരത്തില്‍ മിടിച്ച് തുടങ്ങി. തുടര്‍ ചികിത്സ സംബന്ധിച്ച തീരുമാനം വൈകാതെ അറിയിക്കുമെന്നും ദുര്‍ഗയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിക്ക് നല്‍കിയത്. തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സ് വഴിയാണ് കൊച്ചിയില്‍ എത്തിച്ചത്.
രാവിലെ 9.25 ഓടെയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നത്. പത്ത് മണിയോടെ തന്നെ ഷിബുവിന്റെ അവയവങ്ങള്‍ എടുക്കാനുള്ള ശസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 2 മണിയോടെയാണ് എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് പറന്നുയര്‍ന്നത്.
ഉച്ചക്ക് 2.52 കൂടി കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ജീവന്റെ തുടിപ്പുമായി ഹെലികോപ്ടര്‍ പറന്നിറങ്ങി. 2.57ന് ഷിബുവിന്റെ തുടിക്കുന്ന ഹൃദയവുമായി ആംബുലന്‍സ് ശരവേഗത്തില്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തി. ആരോഗ്യ പ്രവര്‍ത്തകരുടെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പൊലീസുകാരുടെ ആത്മധൈര്യവും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ പ്രതിസന്ധികള്‍ വഴിമാറുകയായിരുന്നു. അതിവേഗം പാഞ്ഞ ആംബുലന്‍സ് മൂന്ന് മണിയോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി.
ഷിബുവിന്റെ ഇരു വൃക്കകളും കരളും നേത്ര പടലവും ചര്‍മവും കുടുംബം ദാനം ചെയ്തിട്ടുണ്ട്. ഷിബുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതമറിയിച്ച കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടക്കുന്നത്. അതില്‍ ഏറെ അഭിമാനവും സന്തോഷവുമെന്ന് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷാ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 21 വയസ്സുകാരി ദുര്‍ഗ കാമി ഹൃദയ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. ദുര്‍ഗയ്ക്ക് ഒരു സഹോദരന്‍ മാത്രമാണുള്ളത്. അമ്മയും സഹോദരിയും ഇതേ രോഗം വന്നാണ് മരിച്ചത്.