ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്, ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; രോഗി കോട്ടയം മെഡിക്കല്‍ കോളജിൽ

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.

വൃത്തിയില്ലാത്ത കുളങ്ങള്‍, ജലാശയങ്ങള്‍, വെള്ളക്കെട്ടുകള്‍, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്. നീന്തല്‍ പരിശീലന കേന്ദ്രങ്ങളിലെ നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യണം. കുട്ടികള്‍ ചെറുകുളങ്ങളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കണം. വീടുകളിലെയും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശങ്ങളില്‍ വ്യക്തമാക്കുന്നു.

എന്താണ് അമീബിക് മസ്തിഷ്കജ്വരം?

തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാല്‍ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തില്‍ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്ബോള്‍ ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.
Previous Post Next Post