കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന്‍ പിടിയില്‍, ചാക്കുകെട്ടുകള്‍ക്കിടയില്‍ 64,000 രൂപ

ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍.

ജോലിക്കിടയില്‍ 23,130 രൂപ മോഷ്ടിച്ച താത്കാലിക ജീവനക്കാരനെയാണ് ദേവസ്വം വിജിലന്‍സ് പിടികൂടിയത്. തൃശൂര്‍ വെമ്ബല്ലൂര്‍ സ്വദേശി കെ ആര്‍ രതീഷാണ് പിടിയിലായത്. സന്നിധാനം പൊലീസ് കേസെടുത്തു.

തിങ്കളാഴ്ചയാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേര്‍തിരിക്കുമ്ബോള്‍ ധരിക്കാനായി കൊടുത്ത തുണി കൊണ്ടുള്ള കൈയുറയ്ക്ക് ഉള്ളിലാണ് 500ന്റെ ആറു നോട്ടുകള്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഇയാള്‍ താമസിക്കുന്നയിടത്ത് പരിശോധന നടത്തിയപ്പോള്‍ 20,130 രൂപ കൂടി കണ്ടെത്തി. നോട്ടുകള്‍ ചുരുട്ടി ഗുഹ്യഭാഗ്യത്തുവെച്ച്‌ പുറത്തേയ്ക്ക് എത്തിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.

മുന്നൂറിലധികം ജീവനക്കാരെയാണ് കാണിക്ക എണ്ണുന്നതിന് സന്നിധാനത്തോട് ചേര്‍ന്നുള്ള രണ്ട് ഭണ്ഡാരങ്ങളിലായി നിയമിച്ചിരിക്കുന്നത്. ഇതില്‍ 200 പേരോളം താത്കാലിക ജീവനക്കാരാണ്. 24 മണിക്കൂറും കാമറ നിരീക്ഷണവും പൊലീസ് കാവലും വിജിലന്‍സ് പരിശോധനയും നടക്കുന്നയിടമാണ് ഭണ്ഡാരം. ഒറ്റമുണ്ട് മാത്രം ധരിച്ചേ ഇവിടേക്ക് കടത്തിവിടൂ. ഇതെല്ലാം നിലനില്‍ക്കെയാണ് നോട്ടുകള്‍ അതിവിദഗ്ധമായി പുറത്തേയ്ക്ക് കടത്തിയത്.

അതിനിടെ, മാളികപ്പുറം മേല്‍ശാന്തി മഠത്തിനോട് ചേര്‍ന്ന് അരിച്ചാക്കുകള്‍ സൂക്ഷിച്ചിരിക്കുന്നിടത്ത് നിന്ന് ദേവസ്വം വിജിലന്‍സ് 64,354 രൂപ കണ്ടെത്തി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് നാണയങ്ങളും നോട്ടുകളുമായി ഇത്രയും തുക ചാക്കുകെട്ടുകള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. വഴിപാട് അരി ചാക്കുകളിലായി സൂക്ഷിക്കുന്നയിടമാണ് ഇത്. കാണിക്കയായി വീഴുന്ന തുക ആരോ ശേഖരിച്ച്‌ ചാക്കുകെട്ടുകള്‍ക്കിടയില്‍ സൂക്ഷിച്ചതാകാമെന്നാണ് വിജിലന്‍സിന്റെ നിഗമനം.
Previous Post Next Post