നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കാലയളവില്‍ കൂറുമാറിയത് 28 സാക്ഷികള്‍. കൂറുമാറിയവരില്‍ കാവ്യയടക്കം എട്ടുപേര്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ്.
എന്നാല്‍ കേസിലെ സാക്ഷിയായ മുകേഷ് എംഎല്‍എ തന്റെ വാദത്തില്‍ ഉറച്ചുനിന്നു. കേസിലെ 46-ാം സാക്ഷിയായ മുകേഷിന്റെ മുന്‍ ഡ്രൈവറാണ് പള്‍സര്‍ സുനി.
പള്‍സര്‍ സുനി പ്രശ്‌നക്കാരനെന്ന് കണ്ടെത്തിയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് മുകേഷ് മൊഴി നല്‍കിയിട്ടുള്ളത്. ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മുകേഷ്.
കേസില്‍ സിനിമാ താരങ്ങളായ സിദ്ദീഖ്, ഭാമ, സായികുമാര്‍, ബിന്ദു പണിക്കര്‍, ഇടവേള ബാബു എന്നിവരും കൂറുമായിരുന്നു. അതിജീവിത ദിലീപിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നായിരുന്നു താരങ്ങളുടെ ആദ്യമൊഴി. എന്നാല്‍ ഇവര്‍ പിന്നീട് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു.
കേസില്‍ സിനിമാതാരങ്ങളല്ലാത്ത ചില സാക്ഷികളും കൂറുമാറിയിരുന്നു. ദിലീപിന്റെ ആശുപത്രി പ്രവേശന രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതായി ആരോപിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ മുതല്‍, പള്‍സര്‍ സുനിയെ നടനുമായി അടുപ്പിച്ചതായി മുമ്ബ് വെളിപ്പെടുത്തിയ ഹോട്ടല്‍ ജീവനക്കാര്‍ വരെയുള്ള നിര്‍ണായക സാക്ഷികള്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ദിലീപിന്റെ സുഹൃത്തുക്കളായ നാദിര്‍ഷ, ബൈജു, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവായ സൂരജ്, ഡ്രൈവര്‍ അപ്പുണ്ണി, ഗാര്‍ഡ് ദാസന്‍ എന്നിവരും കൂറുമാറി.
2017 ഫെബ്രുവരി 17 രാത്രി ഒന്‍പത് മണിക്കാണ് കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ നടി അക്രമിക്കപ്പെട്ടത്. 2018 ലാണ് കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങിയത്. കേസില്‍ ദിലീപ് ഉള്‍പ്പെടെ 9 പ്രതികളാണുള്ളത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസില്‍ കൂട്ടബലാത്സംഗം,ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍ , ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ശീല ചിത്രമെടുത്ത് പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ദിലീപിനെതിരെയാണ് ചുമത്തിയിട്ടുള്ളത്.