വൈക്കത്ത് ഇനി ഉത്സവദിനങ്ങൾ; ഉത്സവം കൊടിയേറി; അഷ്ടമി 12-ന്


 വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് തിങ്കളാഴ്ച രാവിലെ 6.30-നും 7.30-നും മധ്യേ കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരിയുടെയും കിഴക്കിനിയേടത്ത് മേക്കാട് ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.


തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി.സുനിൽകുമാർ കൊടിക്കീഴിൽ ഭദ്രദീപം തെളിക്കും. നടൻ ദിലീപും നടി ഗൗരിനന്ദയും ചേർന്ന് കലാമണ്ഡപത്തിൽ തിരിതെളിക്കും. 12-നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. കൊടിയേറ്റിന് മുന്നോടിയായി ഞായറാഴ്ച കൊടിയേറ്റ് അറിയിപ്പും സംയുക്ത എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ കുലവാഴപ്പുറപ്പാടും നടത്തി.



ഡിസംബർ രണ്ടിന് രാത്രി 8.30-ന് കർണാട്ടിക് ലയവാദ്യസമുച്ചയം. മൂന്നിന് രാത്രി എട്ടിന് ഭക്തിഗാനമഞ്ജരി, 8.45-ന് ഭക്തിഗാനസുധ. നാലിന് രാത്രി ഒമ്പതിന് വിളക്ക്. അഞ്ചിന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദർശനം, രാത്രി 11-ന് കൂടിപ്പൂജവിളക്ക്. ആറിന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദർശനം, രാത്രി ഏഴിന് ക്ലാസിക്കൽ ഫ്യൂഷൻ. ഏഴിന് രാവിലെ 11-ന് കീഴൂർ മധുസൂദനക്കുറുപ്പിന്റെ മേജർസെറ്റ് പഞ്ചവാദ്യം. തുടർന്ന് തേരോഴി രാമക്കുറുപ്പിന്റെ പഞ്ചാരിമേളം, രാത്രി 11-ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. 


എട്ടിന് രാവിലെ കാലാക്കൽ ക്ഷേത്രത്തിൽനിന്ന് ഉടവാൾ എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് രണ്ടിന് ഉത്സവബലിദർശനം, രാത്രി 11-ന് മേജർസെറ്റ് കഥകളി, കഥ-ദക്ഷയാഗം. ഒമ്പതിന് രാവിലെ എട്ടിന് ഗജപൂജ, വൈകീട്ട് നാലിന് ആനയൂട്ട്, 4.30-ന് പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം, രാത്രി 10-ന് മേജർസെറ്റ് കഥകളി, കഥ-നിഴൽകുത്ത്.


10-ന് ഉച്ചയ്ക്ക് ഒന്നിന് ചോറ്റാനിക്കര നന്ദപ്പമാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചവാദ്യം, രാത്രി 9.30-ന് പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മിയും പള്ളിപ്പുറം സുനിലും ചേർന്ന് അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 11-ന് വലിയവിളക്ക്. 11-ന് രാത്രി 7.45-ന് വയലിനിസ്റ്റ് ഗംഗാ ശശിധരനും സംഘവും അവതരിപ്പിക്കുന്ന ഗംഗാതരംഗം. 12-ന് പുലർച്ചെ 4.30 മുതൽ അഷ്ടമിദർശനം, രാവിലെ ഒമ്പതിന് യാഴ്‌പാണം പി.എസ്.ബാലമുരുകൻ ജാഫ്ന, പി.എസ്. സാരംഗ് ജാഫ്ന എന്നിവരുടെ നാഗസ്വരക്കച്ചേരി. വൈകീട്ട് ആറിന് ഹിന്ദുമത കൺവെൻഷൻ. ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യും.


Previous Post Next Post