കാസർകോട് ഹനാൻ ഷായുടെ പരിപാടിയില്‍ തിക്കും തിരക്കുമുണ്ടായതിനെ തുടർന്ന് നിരവധി പേർ കുഴഞ്ഞുവീണു. തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സ്വകാര്യ സ്ഥലത്ത് ഒരുക്കിയ പരിപാടിയിലായിരുന്നു സംഭവം.
കാസർകോട്ടെ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മ്യൂസിക് പരിപാടിയുടെ സമാപന ദിവസമായ ഇന്ന് രാത്രി ഗായകൻ ഹനാൻ ഷായുടെ ഷോയ്ക്കിടെയായിരുന്നു ആളുകള്‍ കുഴഞ്ഞുവീണത്. പരിപാടി കാണാനായി സ്ഥലത്ത് ഉള്‍ക്കൊള്ളാനാവുന്നതിന്റെ ഇരട്ടിയലധികം ആളുകള്‍ എത്തിയിരുന്നു. പരിപാടിയുടെ മുഴുവൻ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റുപോയിരുന്നു.
എന്നാല്‍, അകത്തെ ആളുകളേക്കാള്‍ കൂടുതല്‍ പേർ പുറത്തും നിലയുറപ്പിച്ചിരുന്നു. ചെറിയ സ്ഥലത്ത് വലിയ ആള്‍ക്കൂട്ടം തിക്കിത്തിരക്കിയതോടെ നിരവധി പേർ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും മാറിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും കാണികള്‍ ഇതിന് തയാറായില്ല. ഇതോടെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി ലാത്തിച്ചാർജ് നടത്തിയാണ് പുറത്ത് കൂടിനിന്നവരെ പിരിച്ചുവിട്ടത്.
കുട്ടികളുള്‍പ്പെടെ നിരവധി പേർ ശാരീരികാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണെങ്കിലും തിരക്ക് മൂലം ആശുപത്രിയില്‍ കൊണ്ടുപോകാൻ സാധിച്ചില്ല. അകത്ത് കുടുങ്ങിയ ആളുകള്‍ക്ക് വലിയ ജനക്കൂട്ടമായതിനാല്‍ പുറത്തുകടക്കാനുമായില്ല. പൊലീസെത്തി നിരവധി പേരെ ഒഴിപ്പിച്ച ശേഷമാണ് കുഴഞ്ഞുവീണവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെ തുടർന്ന്, പരിപാടി നിർത്തിവച്ചു.