ശബരിമലയില്‍ അനിയന്ത്രിത തിരക്ക്, അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി.


മണ്ഡലകാല സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍.

ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടമാണ്. ഇവരെല്ലാം ക്യൂനില്‍ക്കാതെ എത്തിയവരാണെന്നും ഇത്തരത്തിലുള്ള ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

അതേസമയം, ശബരിമലയില്‍ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

ഇപ്പോള്‍ പതിനഞ്ച് മണിക്കൂര്‍ വരെയാണ് ഭക്തര്‍ ക്യൂനില്‍ക്കുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഭക്തരെ ക്യൂ കോംപ്ലക്‌സില്‍ ഇരുത്താന്‍ നടപടിയെടുക്കും. അത് നാളെ മുതല്‍ നിലവില്‍ വരും. ക്യൂ കോംപ്ലക്‌സില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കും. പമ്ബയ്ക്ക് പുറമെ നിലയ്ക്കലിലും സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും.7 സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളാണ് നാളെ മുതല്‍ നിലയ്ക്കലില്‍ ആരംഭിക്കുകയെന്നു ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Previous Post Next Post